തലസ്ഥാന വികസനത്തിന് പ്രാധാന്യം നല്‍കും: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ജനങ്ങളെയും സംസ്ഥാനത്തെയും രാജ്യത്തെയും സേവിക്കാനുള്ള ഓരോ അവസരത്തെയും വില മതിക്കുന്നു. അഭിമാനിക്കുന്ന മറ്റൊരു ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചത്. തിരുവനന്തപുരത്ത് ഇനി വികസനം ചര്‍ച്ച ചെയ്യാം. ഇനിയുള്ള ഓരോ ചുവടും കേരളത്തിന്റെയും തിരുവനന്തപുരത്തിന്റെയും വികസനത്തിനു വേണ്ടിയാകട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി പ്രസിഡന്റ് ജെ. പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, എന്നിവരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.