വ്യാജ അപകട ഇന്‍ഷുറന്‍സ് തട്ടിപ്പ്:  പോലീസിലെ ഉന്നതർക്കും പങ്ക് ,അന്വേഷണം ഊർജ്ജിതമാക്കി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: വ്യാജ രേഖകള്‍ ചമച്ച് വാഹന ഇൻഷുറൻസ് തട്ടിയെടുത്ത കേസിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഊർജ്ജിതമാക്കി. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ഈ സംഭവത്തിൽ പങ്കണെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്.ഇതേ തുടർന്ന് അന്വേഷണം കൂടുതൽ പോലീസ് സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിച്ചു.  പൂജപ്പുര, കഴക്കൂട്ടം, തുമ്പ, വഞ്ചിയൂർ എന്നീ സ്റ്റേഷനുകളിൽ വ്യാജ കേസ് രജിസ്റ്റർ ചെയ്തതായാണ് വിവരം. കേസിന്‍റെ രേഖകൾ കൈമാറാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. ഇന്‍ഷുറന്‍സ് തട്ടിയ കേസില്‍ അഞ്ച് പൊലീസുകാരെയും ഒരു അഭിഭാഷകനെയും ഉള്‍പ്പടെ 26 പേരെയാണ് ഇതുവരെ പ്രതിചേര്‍ത്തിരിക്കുന്നത്. വാഹനാപകട ഇൻഷുറൻസിന്‍റെ മറവിൽ സംസ്ഥാനത്ത് നടന്നത് വൻ തട്ടിപ്പാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വിദേശത്തും തമിഴ്നാട്ടിലും നടന്ന അപകടങ്ങള്‍ പോലും തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്നുവെന്ന് എഫ്ഐആറുണ്ടാക്കി കോടികൾ തട്ടാൻ ശ്രമം നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. പൊലീസും അഭിഭാഷകരും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഡോകടർമാരും വൻ തട്ടിപ്പാണ് സംസ്ഥാനത്തിനകത്ത് നടന്നിട്ടുള്ളതായാണ് ക്രൈംബ്രാഞ്ച് കണക്കുകൂട്ടുന്നത്.


മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു വാഹന അപകട എഫ്ഐആറില്‍ പ്രതി ഓട്ടോ ഡ്രൈവറായ സുരേഷ് കുമാറാണ്. മ്യൂസിയം ഭാഗത്ത് നിന്നും നന്ദൻകോട് ഭാഗത്തേക്ക് അമിത വേഗത്തിൽ സുരേഷ് ഓടിച്ച വാഹനമിടിച്ച് തമിഴ്നാട് സ്വദേശി രാജനെന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നാണ് എഫ്ഐആർ. 2018 ആഗസ്റ്റ് 29ന് നടന്നതായി പറയുന്ന സംഭവത്തിന് കേസെടുത്ത് 2019 ജനുവരി ഏഴിനാണ്. അതേമാസം പത്തിന് ഓട്ടോയുടെ വലതു വശത്ത് അപകടമുണ്ടായതിൽ വാഹനത്തിന് തകരാറുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ റിപ്പോർട്ടും നൽകി. തിരുവനന്തപുരം എംഎസിടി കോടതിയിൽ 12 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാജൻ കേസ് നൽകി. അപകടം നടന്ന് നാലു മാസത്തിനുശേഷം കേസെടുത്തതും വാഹനത്തിന്റെ കേടുപാടുകൾ നാലുമാസമായി പരിഹരിക്കാത്തതുമാണ് ക്രൈംബ്രാഞ്ചിന്റെ സംശയത്തിനിടയാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മ്യൂസിയം ഭാഗത്ത് രാജനുണ്ടായ അപകടം വ്യാജമാണെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കണ്ടെത്തൽ. 


തിരുവനന്തപുരത്തെ എഫ്ഐആറിൽ പറയുന്ന ദിവസം രാജന് ശരിക്കും അപകടം സംഭവിച്ചിരുന്നു. എന്നാൽ അത് തമിഴ്നാട്ടിൽ വെച്ചായിരുന്നു  നടന്നത്. 2018 ആഗസ്റ്റ് 18 ന് രാജന് അപകടം ഉണ്ടാകുന്നത് തമിഴ്നാട് പാലൂരിൽ വെച്ചാണ്. രാജൻ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളിൽ ഇടിച്ചു. രാജന്റെ കൈവശമുണ്ടായിരുന്ന മദ്യകുപ്പി പൊട്ടി ശരീരത്തിൽ തറച്ചു ഗുരുതരമായി പരിക്കേറ്റെന്നാണ് എഫ്ഐആർ. തമിഴ്നാട്ടിലെ ആശുപത്രിയിൽ നിന്ന് രാജനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഇത് മറച്ചുവച്ച് ഇടനിലക്കാരും അഭിഭാഷകരും പൊലീസുമെല്ലാം ഒത്തുകളിച്ച് തിരുവനന്തപുരത്ത് കള്ളക്കേസുണ്ടാക്കിയെന്നാണ് കണ്ടെത്തൽ. അതായത് ആശുപത്രിയിലുണ്ടായിരുന്ന രാജനെ ഇൻഷുറസ് തുക തട്ടിച്ചെടുക്കുന്ന ലോബി സ്വാധീനിക്കുകയായിരുന്നു. രാജന്റെ പേരിൽ മാത്രമല്ല തട്ടിപ്പ്. വിദേശത്ത് വെച്ച് പരിക്കേറ്റ സംഭവം കേരളത്തിലാണെന്ന വ്യാജരേഖയുണ്ടാക്കിയും ഇൻഷുറൻസ് തുക തട്ടാൻ ശ്രമം ഉണ്ടായെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. 

Leave a Reply

Your email address will not be published. Required fields are marked *