ചെന്നിത്തല സമൂഹമാധ്യമങ്ങള്‍ വഴി കെ.സി വേണുഗോപാലിനെ അപമാനിക്കുന്നു ; ഹൈക്കമാന്റിന് പരാതി നല്‍കി തിരുവനന്തപുരം മുന്‍ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍

തിരുവനന്തപുരം: രമേശ് ചെന്നിത്തലക്കെതിരെ ഹൈക്കമാന്റിന് വീണ്ടും പരാതി ലഭിച്ചു. സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ. സി . വേണുഗോപാലിനെ ചെന്നിത്തല സമൂഹമാധ്യമങ്ങള്‍ വഴി അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം മുന്‍ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനലാണ് ഹൈക്കമാന്റിന് പരാതി നല്‍കിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആസൂത്രിത ആക്രമണം നടന്നെന്നും ചെന്നിത്തലയ്ക്ക് എതിരെ നടപടി വേണമെന്നും സോണിയാ ഗാന്ധിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു. ചെന്നിത്തല അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ശബ്ദ സന്ദേശം പുറത്ത് വന്നതും പരാതിയിലുണ്ട്.
ചെന്നിത്തലയ്‌ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സാജു ഖാനും പരാതി നല്‍കിയിരുന്നു. കെസിക്കെിരെ പോസ്റ്റിടാന്‍ നിര്‍ദ്ദേശം നല്‍കുന്ന ശബ്ദം ചെന്നിത്തലയുടേതാണ് എന്ന പ്രചാരണം കോണ്‍ഗ്രസ് സൈബര്‍ സ്‌പേസില്‍ ശക്തമാണ്. എന്നാല്‍ ആ ശബ്ദം രമേശ് ചെന്നിത്തലയുടേതല്ലെന്നും ഫേക്കാണെന്നുമാണ് ചെന്നിത്തല അനുകൂലികളുടെ വിശദീകരണം. എന്നാല്‍ കെസി വേണുഗോപാലിനും തനിക്കുമെതിരായി നടക്കുന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ ചെന്നിത്തല ബ്രിഗേഡിനെ വിഡി സതീശന്‍ സംശയിക്കുന്നുണ്ട്.
നേരിട്ട് പോസ്റ്റിട്ടാല്‍ പോലും ഹാക്ക് ചെയ്‌തെന്ന വാദം നിരത്തി രക്ഷപ്പെടാമെന്നുള്ളതിനാല്‍ മുതിര്‍ന്ന നേതാക്കളും സൈബറിടത്തെ ഒളിപ്പോരില്‍ പിന്നിലല്ല. ലിജുവിനെ വെട്ടി ജെബി മേത്തറിന് രാജ്യസഭാ സീറ്റ് നല്‍കിയതിലുള്ള സൈബര്‍ യുദ്ധത്തില്‍ കെ.പി.സി,സി ജനറല്‍ സെക്രട്ടറി പഴകുളം മധുവിന്റെ എഫ്. ബി അക്കൗണ്ടില്‍ നിന്നും ചെന്നിത്തലക്കെതിരെ പോസ്റ്റ് വന്നു. അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന മധു വിശദീകരിച്ചെങ്കിലും നടപടി ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് നേതാക്കള്‍ കെ.സുധാകരന് പരാതി നല്‍കി.