വിവരാവകാശ കമ്മിഷണര്‍മാരുടെ കൂടുതല്‍ വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം : വിവരാവകാശ കമ്മിഷണര്‍മാരുടെ നിയമനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിനോട് കൂടുതല്‍ വിശദീകരണം തേടി. മൂന്നു കമ്മിഷണര്‍മാരുടെ നിയമനത്തിലാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. ഇവര്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ഗവര്‍ണറുടെ നടപടി.

ഗവര്‍ണറുടെ മുന്നില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ ഉള്‍പ്പെട്ട മൂന്നുപേരില്‍ ടി.കെ. രാമകൃഷ്ണന്‍, എം. ശ്രീകുമാര്‍ എന്നിവര്‍ അദ്ധ്യാപക രംഗത്ത് നിന്നുള്ളവരും ഒരാള്‍ മാദ്ധ്യമരംഗത്ത് നിന്നുള്ള സോണിച്ചന്‍ പി. ജോസഫുമാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നിയമമന്ത്രിയും ഉള്‍പ്പെട്ടെ സമിതിയാണ് ഈ പേരുകള്‍ ശുപാര്‍ശ ചെയ്തത്.പട്ടികയിലുള്ളവര്‍ക്കെതിരെ സാമ്പത്തിക ക്രമക്കേടുകള്‍ അടക്കം നിരവധി പരാതികള്‍ ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നു. സുപ്രീംകോടതി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് മൂന്നുപേരെയും സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് എന്ന പരാതിയും ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നു.

52 പേരുടെ ഷോര്‍ട്ട് ലിസ്റ്റില്‍ നിന്നാണ് മൂന്നുപേരെ തിരഞ്ഞെടുത്തതെന്നും ഈ തിരഞ്ഞെടുപ്പില്‍ മാനദണ്ഡങ്ങളുടെ ലംഘനം ഉണ്ടായിട്ടുണ്ടെന്നും കാണിച്ചാണ് ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചത്.അതേസമയം പട്ടിക ഗവര്‍ണര്‍ തള്ളിയിട്ടില്ല. സര്‍ക്കാരിന്റെ വിശദീകരണത്തി്‌റെ അടിസ്ഥാനത്തിലായിരിക്കും പട്ടിക അംഗീകരിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുക. മുഖ്യവിവരാവകാശ കമ്മിഷണറായി ബി. ഹരിനായരെ നിയമിച്ചു കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *