ന്യൂഡൽഹി: രാജ്യത്ത് ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (എച്ച്‌എംപിവി) കേസുകളുടെ എണ്ണം വീണ്ടും ഉയർന്നതായി റിപ്പോർട്ട്. ഇതുവരെ ആറ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ബംഗളൂരുവിൽ രണ്ടും ചെന്നൈയിൽ രണ്ടും അഹമ്മദാബാദിലും കൊൽക്കത്തയിലും ഒന്ന് വീതവുമാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. കൊൽക്കത്തയിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് രോഗബാധ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ നവംബറിലാണ്.
ബംഗളൂരുവിൽ രണ്ടു പിഞ്ചു കുഞ്ഞുങ്ങൾക്കാണ് അസുഖം ആദ്യം സ്ഥിരീകരിച്ചത്. പിന്നാലെ ചെന്നൈയിൽ രണ്ടും അഹമ്മദാബാദിൽ ഒരു കേസും റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ കൊൽക്കത്തയിലും നേരത്തെ കണ്ടെത്തിയതായി റിപ്പോർട്ട് പുറത്തുവരികയായിരുന്നു.രോഗം സ്ഥിരീകരിച്ച കുഞ്ഞുങ്ങളുമായി വിദേശ യാത്ര ചെയ്യാത്തതിനാൽ ഇന്ത്യയിൽ തന്നെയുള്ള വൈറസ് ആണ് രോഗകാരിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇൻഫ്ലുവൻസ പോലുള്ള ശ്വസന രോഗ കേസുകളിൽ അസാധാരണമായ വർദ്ധനയില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.എച്ച്എംപി വൈറസിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. ശൈത്യകാലത്ത് കണ്ടുവരുന്ന വൈറസ് ബാധ മാത്രമാണിത്.
എല്ലാ വർഷവും ഇത് റിപ്പോർട്ട് ചെയ്യാറുണ്ട്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലും ഡിസംബർ, ജനുവരി മാസങ്ങളിലുമാണ് ഈ വൈറസ് ബാധ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജലദോഷത്തിന് സമാനമായ അസ്വസ്ഥതകളാണ് രോഗികൾക്ക് ഉണ്ടാകാറുള്ളതെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു.ഇന്ത്യയിൽ എച്ച്‌എംപിവി റിപ്പോർട്ട് ചെയ്യുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.