കൊച്ചി: നൃത്തപരിപാടിയിൽ പങ്കെടുക്കാനെത്തവെ വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎൽഎയെ ആശുപത്രിയിൽ സന്ദർശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതി പ്രതീക്ഷിച്ചതിലും വേഗം മെച്ചപ്പെടുന്നതായി ഡോക്ടർമാർ അറിയിച്ചെന്ന് മന്ത്രി പറഞ്ഞു.എംഎൽഎ വേഗം ആരോഗ്യംവീണ്ടെടുക്കുമെന്ന പ്രതീക്ഷയാണുള്ളത്. മറ്റുള്ളവരുടെ സഹായത്തോടെ ഉമാ തോമസ് കസേരയിൽ കയറിയിരുന്നതായി ഡോക്ടർമാർ അറിയിച്ചെന്ന് മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ നിർദ്ദേശമനുസരിച്ചാണ് കോട്ടയം മെഡിക്കൽ കോളേജിലെ സൂപ്രണ്ടും കാർഡിയോ തൊറാസിക് ആന്റ് വാസ്കുലർ സർജറി വിദഗ്ദ്ധനുമായ ഡോ. ജയകുമാറും സംഘവും എംഎൽഎയ്ക്ക് ലഭിക്കുന്ന ചികിത്സ വിലയിരുത്തി വരുന്നു. വിദഗ്ദ്ധ സംഘവും ആശുപത്രി മെഡിക്കൽ ബോർഡും ചേർന്ന് ചർച്ചചെയ്താണ് ട്രീറ്റ്മെന്റ് പ്ളാൻ ഏകോപിപ്പിക്കുന്നത്.അൻവർ സാദത്ത് എംഎൽഎ, എറണാകുളം മെഡി.കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ. എംഎൽഎയെ ചികിത്സിയ്ക്കുന്ന ഡോക്ടർമാർ എന്നിവരും മന്ത്രിക്കൊപ്പം എത്തി.
കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നൃത്ത പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷനെതിരെ കഴിഞ്ഞദിവസം ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പങ്കെടുത്തവരിൽ നിന്ന് സംഘാടകർ എന്തടിസ്ഥാനത്തിലാണ് പണം വാങ്ങിയതെന്ന് ചോദിച്ച ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ, ജാമ്യം അനുവദിച്ച മജിസ്ട്രേറ്റ് കോടതിയേയും വിമർശിച്ചു.മനുഷ്യന് അപകടം പറ്റിയിട്ടും പരിപാടി നിറുത്തിവയ്ക്കാൻ സംഘാടകർ തയ്യാറായില്ല. മനുഷ്യ ജീവന് വിലയില്ലാതായി, സംഘാടകർക്ക് പണമാണ് വേണ്ടത്. സാധാരണക്കാരനാണ് വീണതെങ്കിലും പരിപാടി നിറുത്തിവയ്ക്കണമെന്ന് കോടതി പറഞ്ഞു. നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ മൃദംഗ വിഷൻ എം.ഡി എം. നിഘോഷ് കുമാർ നൽകിയ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.