വസ്തുതര്‍ക്കം: വര്‍ക്കലയില്‍ വീട്ടമ്മയെ ബന്ധുക്കള്‍ വെട്ടിക്കൊന്നു

വര്‍ക്കലയില്‍ വീട്ടമ്മ വെട്ടേറ്റുമരിച്ചു. കളത്തറ എം.എസ് വില്ലയില്‍ അമ്പത്താറുകാരി ലീനാമണിയാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെ കളത്തറയ്ക്ക് സമീപത്തായിരുന്നു സംഭവം.ഗുരുതരമായി പരിക്കേറ്റ ലീനാമണിയെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു.

കുടുംബവീടുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ ബന്ധുക്കളുമായുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഭര്‍ത്താവിന്റെ സഹോദരന്മാരാണ് വെട്ടിയതെന്നാണ് ലീനാമണിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ലീനാമണിയുടെ ഭര്‍ത്താവ് സിയാദ് ഒന്നരവര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. ഇതോടെ ഭര്‍ത്താവിന്റെ വസ്തുവകകള്‍ ലീലാമണിയ്ക്ക് വിട്ടുനല്‍കാതെ കയ്യടക്കാന്‍ ചിലര്‍ ശ്രമിച്ചു. 40 ദിവസം മുന്‍പ് ഭര്‍ത്താവിന്റെ ബന്ധു അഹദ് കുടുബസമേതം ഇവരുടെ വീട്ടില്‍ കയറി താമസമാക്കുകയും ചെയ്തു.
ഇതുസംബന്ധിച്ച് കോടതിയിലും പൊലീസിലും കേസ് നടക്കുകയാണ്. കഴിഞ്ഞ ദിവസം ലീനാമണിക്ക് കോടതിയില്‍ നിന്നുള്ള സംരക്ഷണ ഉത്തരവുമായി പൊലീസ് വീട്ടില്‍ എത്തിയിരുന്നു. ഇതാണ് ഇന്നത്തെ വഴക്കിന് കാരണമായത്. ഇന്ന് രാവിലെ പത്തുമണിയോടെ കല്യാണത്തിന് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് ലീനാമണിയ്ക്കുനേരെ ആക്രമണമുണ്ടായത്. ഷാജി, അഹദ്, മുഹ്സിന്‍ എന്നിവരാണ് ലീനാമണിയെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട് .ആക്രമണത്തിന് ശേഷം ഇവര്‍ ഓടി രക്ഷപ്പെട്ടു. അക്രമികള്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *