ലിജുവിലൂടെ മുരളിധരന്‍ ഉന്നംവെക്കുന്നത് സംസ്ഥാന
രാഷ്ട്രീയത്തിലേയ്ക്കുള്ള മടങ്ങിവരവ്,
കെ.എസ് ശബരീനാഥിനായി ദില്ലിയില്‍ മുരളിയുടെ ചരടുവലി

തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേയ്ക്ക് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ പിന്തുണച്ച എം ലിജുവിന് എതിരായുള്ള കെ.മുരളീധരന്‍ എം.പിയുടെ നീക്കം സംസ്ഥാന രാഷ്ട്രീയത്തിലേയക്കുള്ള മടങ്ങിവരവിന്. ലിജുവിനു പകരം മുരളി നിര്‍ദേശിക്കുന്നത് അരുവിക്കര മുന്‍ എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്.ശബരീനാഥിനെ. ഒരു കാലത്ത് ലീഡര്‍ കെ.കരുണാകരനെ തള്ളിപ്പറഞ്ഞ് തിരുത്തല്‍വാദത്തിലൂടെ മറുപക്ഷത്ത് എത്തിയ ജി.കാര്‍ത്തികേയന്റെ മകനോടുള്ള മുരളിയുടെ അടുപ്പം അരുവിക്കര സീറ്റിലൂടെ വീണ്ടും നിയമസഭാ പ്രവേശനത്തിന്.

വട്ടിയൂര്‍ക്കാവിനെ ഉപേക്ഷിച്ച് പാര്‍ലമെന്റിലേയ്ക്ക് പോയ മുരളിക്ക് ഇനി അവിടെ നിന്ന് ജയിക്കാനാവില്ല. മണ്ഡലത്തില്‍ കോണ്‍ഗ്രസുകാരുടെ പോലും ശക്തമായ എതിര്‍പ്പുണ്ട് മുരളിക്ക്. നേമത്തിലൂടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിയമസഭയില്‍ എത്താന്‍ നോക്കിയെങ്കിലും ഇവിടെയും നാണംകെട്ടു. ഇനി അരുവിക്കരയാണ് സുരക്ഷിത മണ്ഡലമെന്ന തിരിച്ചറിവാണ് ശബരിനാഥിനെ പാര്‍ലമെന്റിലേയ്ക്ക് അയക്കാനുള്ള ബുദ്ധിക്കു പിന്നില്‍.

കെ കരുണാകരന്‍ കേന്ദ്ര മന്ത്രിയായിരിക്കെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായി നിയമിതനായ ശ്രീനിവാസന്‍ പിന്നീട് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്ത പട്ടികയിലേയ്ക്ക് ചേക്കേറുകയായിരുന്നു. എന്നാല്‍ ഇതൊന്നും മുരളി നോക്കുന്നില്ല. തിരഞ്ഞെടുപ്പില്‍ തോറ്റവരെ പരിഗണിക്കരുതെന്നും തോറ്റവര്‍ അതാത് മണ്ഡലങ്ങളില്‍ പോയി പ്രവര്‍ത്തിക്കട്ടെയെന്നും എം ലിജുവിനെതിരെ പരോക്ഷ നീക്കവുമായി കെ മുരളീധരന്‍ സോണിയാ ഗാന്ധിക്ക് കത്ത് നല്‍കി. എന്നാല്‍ ഹിന്ദിയും ഇംഗ്ലീഷും അനായേസെ കൈകാര്യം ചെയ്യുന്ന ശബീരിനാഥിനെ രാജ്യസഭയില്‍ എത്തിച്ചാല്‍ പാര്‍ട്ടിക്ക് അത് മുതല്‍ക്കൂട്ടാകുമെന്നും മുരളി ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചു.

ക്രിയാത്മകമായി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിവുള്ളവര്‍, ഭാഷാ പ്രാവീണ്യമുള്ളവര്‍ എന്നിവരെയാണ് പരിഗണിക്കേണ്ടതെന്നും മുരളി പറഞ്ഞത് ശബരിയെ ഉന്നംവെച്ചാണ്. രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം ശബരീനാഥിന് ഉണ്ടെന്ന് മുരളിക്കറിയാം. ഇത് ലക്ഷ്യമിട്ടാണ് ശബരിനാഥിനെ ദില്ലിക്ക് പറഞ്ഞയച്ച് അരുവിക്കരയിലൂടെ മടങ്ങിവരവ് മുരളീധരന്‍ കൊതിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ രാഷ്ട്രീയ ഗുരുവാണ് ജി.കാര്‍ത്തികേയന്‍. അതുകൊണ്ടു തന്നെ ശബരിയെ കൊണ്ടു വന്നാല്‍ സതീശന്എതിര് നില്‍ക്കാനാവില്ലെന്നും മുരളിക്കറിയാം.
ഡല്‍ഹിയിലുള്ള എ.കെ ആന്റണിയെ സന്ദര്‍ശിച്ച് മുരളി തന്റെ നീക്കത്തിന് പിന്തുണ തേടിയതാണ് സൂചന. ഐ.എ.എസ് ലോബിക്കിടയില്‍ നിര്‍ണായക സ്വാധീനമുള്ള ശബരിക്കായി അവരെയും രംഗത്ത് ഇറക്കാനും മുരളി ചരടുവലിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *