മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ കെ.സി. വേണുഗോപാലിന് പി.എ.സി അധ്യക്ഷ സ്ഥാനം; ഡല്‍ഹിയില്‍ തുടരാനെന്ന സൂചന

കൊച്ചി: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ കടുത്തിരിക്കെ, രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടി കെ സി വേണുഗോപാലിനെ പാർലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) അധ്യക്ഷനായി വീണ്ടും നിയമിച്ചത്. വി ഡി സതീശൻ, രമേശ് ചെന്നിത്തല വിഭാഗങ്ങൾ തമ്മിലുള്ള മത്സരത്തിനിടയിൽ ഒത്തുതീർപ്പ് സ്ഥാനാർഥിയായി കെ സി വേണുഗോപാൽ ഉയർന്നേക്കാമെന്ന സൂചനകൾക്കിടെയാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ഈ നീക്കം.
ഇതോടെ കെ സി മുഖ്യമന്ത്രി പദത്തിനായുള്ള മത്സരത്തിൽ നിന്ന് മാറിനിൽക്കുന്നതായാണ് ചിലരുടെ വിലയിരുത്തൽ. എന്നാൽ, മുഖ്യമന്ത്രിയായി നിയോഗിക്കപ്പെടുന്ന സാഹചര്യമുണ്ടെങ്കിൽ പിഎസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കേരളത്തിലേക്ക് എത്താൻ കഴിയുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.
2026-27 വർഷത്തേക്കുള്ള പിഎസി അധ്യക്ഷ നിയമനം ലോക്സഭാ സ്പീക്കർ ഓം ബിർളയാണ് പ്രഖ്യാപിച്ചത്. ലോക്സഭയിൽ നിന്ന് 15 പേരും രാജ്യസഭയിൽ നിന്ന് ഏഴ് പേരും ഉൾപ്പെടെ 22 അംഗങ്ങളാണ് സമിതിയിലുള്ളത്. ലോക്സഭയിലെ പ്രധാന പ്രതിപക്ഷ കക്ഷിക്ക് പിഎസി അധ്യക്ഷ സ്ഥാനം നൽകുന്ന പതിവിന്റെ അടിസ്ഥാനത്തിലാണ് കെ സി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.
ഇതിനിടെ, മുസ്ലിം ലീഗ് വി ഡി സതീശനെ പിന്തുണയ്ക്കുന്നുവെന്ന സൂചനകൾ പുറത്തുവന്ന സാഹചര്യത്തിൽ കെ സി വേണുഗോപാൽ ഡൽഹിയിൽ തുടരാൻ തീരുമാനിച്ചുവെന്ന വിവരങ്ങളും പുറത്തുവരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ ലീഗിന്റെ നിലപാടിന് നിർണായക സ്വാധീനം ഉണ്ടാകുമെന്ന് നേരത്തെ തന്നെ രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു.