‘മോദി ഗ്യാരന്റിക്ക് പകരം കേജ്‌രിവാളിന്‍റെ ഗ്യാരന്റി; വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നത് ഉള്‍പ്പെടെ 10 വാഗ്ദാനങ്ങൾ; ജനം തീരുമാനിക്കട്ടെയെന്ന് ഡല്‍ഹി മുഖ്യമന്ത്രി

ഡല്‍ഹി: ‘മോദിയുടെ ഗ്യാരന്റിക്ക് പകരം സ്വന്തം ഗ്യാരന്റിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. മോദി ചെയ്യുമെന്ന് പറഞ്ഞ ഒന്നും ചെയ്തില്ലെന്നും ഏത് ഗ്യാരന്റി വിശ്വാസത്തിലെടുക്കണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കേജ്‌രിവാള്‍ പറഞ്ഞു.

15 ലക്ഷം രൂപ അക്കൗണ്ടില്‍ നല്‍കുമെന്ന് പറഞ്ഞത് നടന്നില്ല. അടുത്ത വർഷം മോദി വിരമിക്കും എന്നും ആവർത്തിച്ച കേജ്‌രിവാള്‍ മോദി റിട്ടയർ ചെയ്താൽ ആര് ഗ്യാരന്റി നടപ്പാക്കുമെന്നുമാണ് ചോദിച്ചത്. മോദി നിയമം കൊണ്ടുവന്നാണ് മുതിർന്ന നേതാക്കളെ വിരമിപ്പിച്ചത്, തനിക്ക് ഈ നിയമം ബാധകം അല്ലെങ്കിൽ മോദി പറയട്ടെ , അദ്വാനിക്ക് വേണ്ടി ആണ് നിയമം എങ്കിൽ അത് വ്യക്തമാക്കട്ടെയെന്നും കേജ്‌രിവാള്‍ പറഞ്ഞു.

കേജ്‌രിവാളിന്‍റെ 10 ഗ്യാരന്റികള്‍ ഇങ്ങനെ: 1.വിലക്കയറ്റം പിടിച്ചുനിര്‍ത്തും. 2. രാജ്യത്ത് എല്ലാവര്‍ക്കും വൈദ്യുതിയെത്തിക്കും 3. എല്ലാവര്‍ക്കും മികച്ച ചികിത്സ ഉറപ്പാക്കും, രാഷ്ട്ര സുരക്ഷ ഉറപ്പാക്കും. 4. ചൈന കടന്നു കയറിയ ഭൂമി തിരിച്ചുപിടിക്കും, സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നല്‍കും. 5.അഗ്നിവീർ പദ്ധതി നിർത്തലാക്കും, നിലവിൽ പദ്ധതിയിൽ ചേർന്നവരെ സ്ഥിരപ്പെടുത്തും. 6. കർഷകർക്ക് താങ്ങ് വിലയ്ക്ക് നിയമസാധുത നൽകും. 7. ഒരുവർഷത്തിനകം 2 കോടി ജോലി അവസരങ്ങള്‍. 8. ബിജെപിയുടെ വാഷിങ് മെഷീൻ ഇല്ലാതാക്കും. 9. അഴിമതി കേസിൽ കൃത്യമായ അന്വേഷണം നടത്തി നടപടികളെടുക്കും. 10. വ്യാപാരികൾക്ക് അനുകൂല വ്യവസ്ഥ നിർമ്മിക്കും, ചുവപ്പുനാട ഒഴിവാക്കും.

Leave a Reply

Your email address will not be published. Required fields are marked *