നവകേരള സദസിനെ പ്രതിപക്ഷ നേതാവിന് കാണാം: മുഖ്യമന്ത്രി

കോഴിക്കോട്: നവകേരള സദസ് എന്താണെന്ന് പറവൂരില്‍ എത്തുമ്പോള്‍ പ്രതിപക്ഷ നേതാവിന് കാണാമെന്ന് കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വന്‍ ജനക്കൂട്ടമാണ് ഓരോ കേന്ദ്രത്തിലും എത്തുന്നത്. അതിന്റെ വിറളിയാണ് പ്രതിപക്ഷ നേതാവിന്. നവകേരള സദസിന് ഫണ്ട് നല്‍കാനുള്ള തീരുമാനത്തിന്റെ പേരില്‍ പറവൂര്‍ നഗരസഭാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയത് അതുകൊണ്ടാണ്. തന്നെ ക്രിമിനലെന്ന് വിളിക്കുന്നത് അദ്ദേഹത്തിന്റെ ശീലത്തിന്റെ ഭാഗമാണ്. തെറിവിളിക്കുന്നവരെ തിരിച്ച് തെറിവിളിക്കുന്നത് തന്റെ ശീലമല്ല. പ്രതികരിക്കാതിരിക്കുമ്പോള്‍ നിറുത്തിക്കോളും.

കോണ്‍ഗ്രസ് നേതാക്കന്മാരടക്കം നവകേരള സദസ് വിജയിപ്പിക്കാന്‍ മുന്നോട്ടുവരുന്നുണ്ട്. സാമ്പത്തികമായും സഹായിക്കാന്‍ തയ്യാറാകുന്നു. പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത് നടപടിക്ക് ഇരയായത് വല്ലാത്ത സന്ദേശമാണ് നല്‍കുന്നത്. വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് മാറ്റമാണ് വ്യക്തമാകുന്നത്. രാമജന്മഭൂമി പ്രക്ഷോഭം എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നത് സമൂഹത്തെ ഭിന്നിപ്പിക്കും. മതനിരപേക്ഷതയുമായി ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്ക് അത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *