മതപരിവര്‍ത്തന നിരോധന നിയമ ഓര്‍ഡിനന്‍സ് പ്രകാരം മലയാളിയായ പാസ്റ്ററും ഭാര്യയും അറസ്റ്റില്‍

ബംഗളൂരു: മതപരിവര്‍ത്തന നിരോധന നിയമ ഓര്‍ഡിനന്‍സ് പ്രകാരം മലയാളിയായ പാസ്റ്ററും ഭാര്യയും അറസ്റ്റില്‍. കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമ ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹ് ലോട്ട് അനുമതി നല്‍കിയതിന് പിന്നാലെ കുടകില്‍ പാസ്റ്ററും ഭാര്യയും അറസ്റ്റില്‍. വയനാട് മാനന്തവാടി സ്വദേശിയായ പാസ്റ്റര്‍ വി. കുര്യാച്ചന്‍ (62), ഭാര്യ സെലീനാമ്മ (57) എന്നിവരെയാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന്  കുട്ട പോലീസ് അറസ്റ്റ് ചെയ്തത്.ഇവർ ഈ പ്രദേശത്ത് ലഘുലേഖകള്‍ വിതരണം ചെയ്ത് മതം മാറ്റാന്‍ ശ്രമിച്ചുവെന്ന യുവാവിന്‍റെ പരാതിയില്‍ ഐ.പി.സി സെക്ഷന്‍ 295 (എ) പ്രകാരം മതവികാരം വ്രണപ്പെടുത്തിയതിനാണ് നിലവില്‍ പാസ്റ്റര്‍ക്കും ഭാര്യക്കുമെതിരെ കുട്ട പൊലീസ് കേസെടുത്തിട്ടുള്ളത്.
ചൊവ്വാഴ്ച വൈകീട്ട് കുട്ട പൂച്ചക്കല്‍ മഞ്ചല്ലി ഗ്രാമത്തിലെ ആദിവാസി കോളനിയിലാണ് സംഭവം. ഗ്രാമത്തിലെ ആദിവാസി കുടുംബത്തെ കണ്ട പാസ്റ്ററും ഭാര്യയും ക്രിസ്ത്യന്‍ മതത്തിലേക്ക് മാറുന്ന കാര്യത്തെക്കുറിച്ച്‌ സംസാരിച്ചുവെന്നാണ് ആരോപണം. പാസ്റ്ററും ഭാര്യയും എത്തിയത് അറിഞ്ഞ് തീവ്രഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. പാസ്റ്ററും ഭാര്യയും കയറിയ വീട്ടിനുള്ളിലേക്ക് ഇരച്ചുകയറിയ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഇരുവരെയും ചോദ്യം ചെയ്തു. ഇതിന്‍റെ വിഡിയോയും പിന്നീട് പ്രചരിച്ചു. എത്രപേരെ മതം മാറ്റിയെന്ന് ഉള്‍പ്പെടെ ചോദിച്ച്‌ പ്രവര്‍ത്തകര്‍ ഇരുവരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കുട്ട പോലീസ് പാസ്റ്ററെയും ഭാര്യയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *