മോഹന്‍ലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു

പ്രേം നസീര്‍-ഷീല കോമ്പിനേഷന് ശേഷം മലയാള സിനിമ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ചിട്ടുള്ള താരജോഡികള്‍ മോഹന്‍ലാലും ശോഭനയും ആയിരിക്കും. 55 സിനിമകളാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഇപ്പോഴിതാ 56ാമത്തെ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു എന്ന സന്തോഷവാര്‍ത്ത പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് സ്‌ക്രീനില്‍ ആ മാജിക് ആവര്‍ത്തിക്കുന്നത്. ശോഭന തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. മോഹന്‍ലാലിന്റെ 360-ാമത് ചിത്രം കൂടിയാണിത്.

20 വര്‍ഷത്തിനു ശേഷമാണ് ഈ ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുന്നത്. തരുണ്‍ മൂര്‍ത്തി ചിത്രത്തില്‍ ഒരു സാധാരണക്കാരനായ ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. 2004ല്‍ ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മാമ്പഴക്കാലം ആയിരുന്നു ഇരുവരും ഒന്നിച്ചെത്തിയ അവസാന ചിത്രം. നാടോടിക്കാറ്റ്, പവിത്രം, പക്ഷേ, തേന്മാവിന്‍ കൊമ്പത്ത്, മിന്നാരം തുടങ്ങി ശോഭനയും മോഹന്‍ലാലും അനശ്വരമാക്കിയ സിനിമകള്‍ ഇന്നും മലയാളികളുടെ ഫേവറൈറ്റ് ലിസ്റ്റിലുണ്ട്.

നാലുവര്‍ഷത്തിനു ശേഷം ശോഭന അഭിനയിക്കുന്ന ചിത്രം എന്നതും ഇതിന്റെ പ്രത്യേകതയാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് ആയിരുന്നു ശോഭന അവസാനം അഭിനയിച്ച ചിത്രം. സുരേഷ് ഗോപിയായിരുന്നു ചിത്രത്തിലെ നായകന്‍.

Leave a Reply

Your email address will not be published. Required fields are marked *