കൊല്ലം ലോക്സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയും നടനുമായ മുകേഷിന് 15 കോടിയുടെ സ്വത്ത്

കൊല്ലം : കൊല്ലം ലോക്സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയും നടനുമായ മുകേഷിന് 15 കോടിയുടെ സ്വത്ത്. സ്വന്തമായുള്ള ഭൂമിയുടെയും കെട്ടിടത്തിന്റെയും മൂല്യമാണിത്. 14,98,08,376 രൂപയുടെ സ്വത്തുക്കൾ ഉണ്ടെന്ന് നാമനിർദ്ദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ 10.22 കോടി രൂപയുടെ സ്വത്തുക്കൾ ഉണ്ടായിരുന്നത്.

നിലവിൽ കൈവശം അമ്പതിനായിരം രൂപയാണുള്ളത്. ഇതുകൂടാതെ 10 കോടി രൂപയുടെ സ്ഥിരനിക്ഷേപവുമുണ്ട്. വിവിധ ബാങ്കുകളിലും, ട്രഷറിയിലും, ഓഹരികളിലുമായി 10,48,08,376 രൂപയുടെ നിക്ഷേപമാണുള്ളത്. ബിഎംഡബ്ല്യു, മഹേന്ദ്ര എക്സ്‌യുവി എന്നീ രണ്ട് കാറുകളാണ് സ്വന്തമായുള്ളത്. 2.4 ലക്ഷത്തിൻ്റെ സ്വർണ്ണവും സ്വന്തമായുണ്ട്.

ഇപ്പോൾ കൊല്ലത്ത് താമസിക്കുന്ന വീടും സ്ഥലവും ചെന്നൈയിലുള്ള രണ്ട് ഫ്ലാറ്റുകളുടേയും വിപണി മൂല്യമായി കണക്കാക്കിയിരിക്കുന്നത് നാലരക്കോടി രൂപയാണ്. 3.39 കോടിയുടെ കാർഷികേതര ഭൂമിയും, 1.10 കോടിയുടെ മറ്റ് കെട്ടിടങ്ങളുമുണ്ട്.

കൊല്ലത്ത് കുടുംബ സ്വത്തായി ലഭിച്ച 33 സെൻറ് ഭൂമിയും എറണാകുളം കണയന്നൂരിൽ നടൻ ശ്രീനിവാസനൊപ്പം 37 സെൻറ് ഭൂമിയും സ്വന്തമായുണ്ട്. ഇതുകൂടാതെ തമിഴ്നാട്ടിലെ മഹാബലിപുരം, തോന്നയ്ക്കൽ, ശക്തികുളങ്ങര ,പോത്തൻകോട് എന്നിവിടങ്ങളിലായി ഭൂമിയുണ്ട്. ഭാര്യ മേതിൽ ദേവിക, ആദ്യ ഭാര്യ സരിത എന്നിവരുമായി പങ്കാളിത്തത്തിൽ ഭൂമിയും ഫ്ലാറ്റും നിലവിലുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

മേതിൽ ദേവികയുമായി വിവാഹമോചന കേസ് നിലനിൽക്കുന്നതിനാൽ അവരുടെ സ്വത്ത് വിവരങ്ങൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *