മാർച്ച് 28,29 തീയതികളിൽ രാജ്യ വ്യാപക പണിമുടക്ക്

കൊച്ചി:മാര്‍ച്ച് 28,29 ദിവസങ്ങളില്‍ നടക്കുന്ന രാജ്യവ്യാപക പണിമുടക്കിനോട് എല്ലാവരും സഹകരിക്കണമെന്ന് സിഐടിയു ദേശീയ നേതാവും രാജ്യസഭ എംപിയുമായ എളമരം കരീംആവശ്യപ്പെട്ടു.യാത്രകള്‍ ഒഴിവാക്കിയും കടകളടച്ചും പ്രതിഷേധത്തിനെ പിന്തുണക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എളംമരം കരീമിന്റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം
‘ഈ മാസം 28നും 29നും ഇന്ത്യന്‍ തൊഴിലാളിവര്‍ഗം ദേശവ്യാപകമായി പണിമുടക്കുകയാണ്. ‘ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പണിമുടക്ക്. തൊഴിലാളികളുടെ സാമ്ബത്തിക ആവശ്യങ്ങള്‍മാത്രം ഉന്നയിച്ചുകൊണ്ടല്ല, മറിച്ച് രാജ്യത്തിന്റെ വിശാല താല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ചാണ് ഈ പണിമുടക്ക്’.
‘ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക. എസന്‍ഷ്യല്‍ ഡിഫന്‍സ് സര്‍വീസ് നിയമം പിന്‍വലിക്കുക. സ്വകാര്യവല്‍ക്കരണവും പൊതുആസ്തി വില്‍പ്പനയും നിര്‍ത്തുക. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, മറ്റ് പ്രധാന പൊതുസേവനമേഖലകള്‍ എന്നിവയ്ക്കുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിക്കുക. തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ തുക അനുവദിക്കുക, സംയുക്ത കര്‍ഷക മുന്നണി ഉന്നയിച്ച ആറ് ആവശ്യം അംഗീകരിക്കുക.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് പണം സ്വരൂപിക്കാന്‍ സമ്പന്നരുടെ മേല്‍ കൂടുതല്‍ നികുതി ചുമത്തുക.പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മേലുള്ള കേന്ദ്ര എക്സൈസ് നികുതി ഗണ്യമായി കുറയ്ക്കുക. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിച്ച്, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക’ എന്നിവയാണ് ആവശ്യങ്ങള്‍’, എളമരം കരിം പ്രസ്താവനയിലൂടെ അറിയിച്ചു.