നവകേരള ബസ് ഇനിമുതൽ ഗരുഡ പ്രീമിയം ക്ളാസ്, കോഴിക്കോട്-ബംഗളൂരു റൂട്ടിൽ സർവീസ് നടത്തും

കോഴിക്കോട്: സംസ്ഥാന സർക്കാർ നവകേരള സദസ് നടത്തിയപ്പോൾ മന്ത്രിമാർ സഞ്ചരിച്ച നവകേരള ബസ് ഇനിമുതൽ ഗരുഡ പ്രീമിയം ക്ളാസ്. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കാണ് ബസ് സർവീസ് നടത്തുക. രാവിലെ 04.00 മണിക്ക് കോഴിക്കോട് നിന്നും യാത്രതിരിച്ച് കൽപ്പറ്റ, സുൽത്താൻ ബത്തേരി, ഗുണ്ടൽപ്പേട്ട്, മൈസൂർ, മാണ്ഡ്യ വഴി 11.35 ന് ബംഗളൂരുവിൽ എത്തിച്ചേരുകയും ഉച്ചയ്ക്ക് 2.30ന് ബംഗളൂരുവിൽ നിന്നും തിരിച്ച് ഇതേ റൂട്ടിലൂടെ രാത്രി 10.05 ന് കോഴിക്കോട് എത്തിച്ചേരുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്.

ഓൺലൈൻ റിസർവേഷൻ സൗകര്യമുള്ള ബസ്സിൽ കോഴിക്കോട്, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂരു, ബംഗളൂരു (സാറ്റ്‌ലൈറ്റ് ,ശാന്തിനഗർ) എന്നിവയാണ് സ്റ്റോപ്പുകൾ.സർവീസിന് 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസ്സുകൾക്കുള്ള 5% ലക്ഷ്വറി ടാക്സും നൽകണം. ബുധനാഴ്ച്ച വൈകിട്ട് 6.30ന് ബസ് തിരുവനന്തപുരത്ത് നിന്നും കോഴിക്കോടിന് സർവീസായി പോകും.ഈ ട്രിപ്പിൽ ടിക്കറ്റ് എടുത്ത് ആളുകൾക്ക് യാത്ര ചെയ്യാവുന്നതാണെന്ന് കെഎസ്‌ആർടിസി അറിയിച്ചു.ആധുനിക രീതിയിൽ എയർകണ്ടിഷൻ ചെയ്ത ബസ്സിൽ 26 പുഷ് ബാക്ക് സീറ്റുകളാണ് ഉള്ളത്.

ഫുട്‌ബോർഡ് ഉപയോഗിക്കുവാൻ കഴിയാത്തഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ തുടങ്ങിയവർക്ക് മാത്രം ബസ്സിനുള്ളിൽ കയറുന്നതിനായി പ്രത്യേകം തയ്യാറാക്കിയ യാത്രക്കാർക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റുണ്ട്. കൂടാതെ യാത്രക്കാർക്ക് യൂറിനലിനായി ടോയ്‌ലെറ്റ്, വാഷ്‌ബേസിൻ തുടങ്ങിയ സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ടെലിവിഷനും മ്യൂസിക് സിസ്റ്റവും, മൊബൈൽ ചാർജർ സംവിധാനവും ബസിലുണ്ട്. യാത്രക്കാർക്ക് ലഗ്ഗേജ് സൂക്ഷിക്കുവാനുള്ള സ്ഥലവും സൗകര്യവും ബസ്സിൽ സജ്ജീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *