മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ ഒന്‍പത് ആര്‍ആര്‍ടികള്‍ കൂടി രൂപീകരിക്കും; നടത്തിപ്പിനായി തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന മനുഷ്യ – വന്യജീവി സംഘര്‍ഷം നേരിടാന്‍ കൂടുതല്‍ നടപടികളുമായി സര്‍ക്കാര്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വനം വകുപ്പിന് കീഴില്‍ 9 റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ (ആര്‍ആര്‍ടി) രൂപീകരിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്റെ നടത്തിപ്പിനായി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ഫോറസ്റ്റ് ഡ്രൈവര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിവയുടെ 9 തസ്തികകള്‍ വീതം സൃഷ്ടിക്കുന്നതിനും അനുമതി നല്‍കി.

തിരുവനന്തപുരം ഡിവിഷനില്‍ പാലോട്, പുനലൂര്‍ ഡിവിഷനില്‍ തെന്മല, കോട്ടയം ഡിവിഷനില്‍ വണ്ടന്‍പതാല്‍, മാങ്കുളം ഡിവിഷനില്‍ കടലാര്‍, കോതമംഗലം ഡിവിഷനില്‍ കോതമംഗലം എന്നിവിടങ്ങളിലും ചാലക്കുടി ഡിവിഷനില്‍ പാലപ്പിള്ളി, നെന്മാറ ഡിവിഷനില്‍ കൊല്ലങ്കോട്, നിലമ്പൂര്‍ സൗത്ത് ഡിവിഷനില്‍ കരുവാരക്കുണ്ട്, നോര്‍ത്ത് വയനാട് ഡിവിഷനില്‍ മാനന്തവാടി എന്നിവിടങ്ങളിലുമാണ് പുതുതായി രൂപീകരിക്കുന്ന ആര്‍ആര്‍ടികള്‍.

സംസ്ഥാനത്ത് പതിവില്ലാത്ത വിധം വന്യജീവികള്‍ നാട്ടിലിറങ്ങുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ആനകളെ കൂടാതെ പുലിയും ജനവാസ മേഖലകളില്‍ എത്തുന്നത് വര്‍ദ്ധിക്കുകയാണ്. ഇത് നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ആരോപിച്ച് നിരവധി പ്രക്ഷേഭങ്ങളും നടന്നിരുന്നു. ഇതേതുര്‍ന്നാണ് പുതിയ ആര്‍ആര്‍ടികള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *