ടി പി ചന്ദ്രശേഖരന് വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല ;പുതുതായി കുറ്റക്കാരെന്ന് കണ്ടെത്തിയ കെ കെ കൃഷ്ണനും ജ്യോതി ബാബുവിനും ജീവപര്യന്തം ശിക്ഷ വിധിച്ചു

കൊച്ചി: ആര് എം പി നേതാവ് ടി പി ചന്ദ്രശേഖരന് വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല. പുതുതായി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളായ കെ കെ കൃഷ്ണനും ജ്യോതി ബാബുവിനും ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തമാണ്. നേരത്തേ ഇവരെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. 20 വര്‍ഷം കഴിയാതെ പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
വടകരയ്ക്കടുത്ത് ഒഞ്ചിയത്തുവച്ച് 2012 മേയ് നാലിനാണ് ടി പി കൊല്ലപ്പെട്ടത്. ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സി പി എമ്മില്‍ നിന്ന് വിട്ടുപോയി ആര് എം പി എന്ന പാര്‍ട്ടിയുണ്ടാക്കിയതില്‍ പ്രതികള്‍ പകവീട്ടുകയായിരുന്നെന്നാണ് കേസ്.എം സി അനൂപ്, കിര്‍മ്മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന് സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രന്, ട്രൗസര്‍ മനോജ്, പി കെ കുഞ്ഞനന്തന്, വായപ്പടച്ചി റഫീഖ് എന്നീ പ്രതികള്‍ക്ക് വിചാരണക്കോടതി ജീവപര്യന്തം തടവും പിഴയും മറ്റൊരു പ്രതിയായ കണ്ണൂര്‍ സ്വദേശി ലംബു പ്രദീപന് മൂന്നുവര്‍ഷം കഠിനതടവുമാണ് ശിക്ഷ വിധിച്ചത്. 36 പ്രതികളില്‍ മോഹനന് ഉള്‍പ്പടെ 24 പേരെ വെറുതെവിട്ടിരുന്നു.