സോളാർ പീഡനക്കേസിലെ സിബിഐ റിപ്പോർട്ട് പുറത്തുവിടാൻ ഉമ്മൻചാണ്ടി മടിച്ചു; കാരണം വെളിപ്പെടുത്തി ആർ.കെ.ബാലകൃഷ്ണൻ

അറുപത് വര്‍ഷത്തിലേറെ നീണ്ട പൊതുജീവിതത്തില്‍ ഉമ്മന്‍ ചാണ്ടി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു സോളാര്‍ കേസുകള്‍. അതില്‍ തന്നെ പരാതിക്കാരി ഒടുവില്‍ ഉന്നയിച്ച പീഡനാരോപണം രാഷ്ട്രിയ എതിരാളികളും ഏറ്റുപിടിച്ചത് വലിയ അഗ്നിപരീക്ഷയിലേക്കാണ് അവസാനനാളുകളില്‍ അദ്ദേഹത്തെ കൊണ്ടെത്തിച്ചത്. 2016ല്‍ പിണറായി വിജയന് അധികാരമേറ്റ ഉടന്‍ കേസ് സിബിഐക്ക് വിട്ടു. തുടര്‍ന്ന് ഏഴുവര്ഷത്തോളമെടുത്ത് പരമോന്നത ഏജന്‍സി നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തിന്റെ നിരപരാധിത്വം വെളിവായത്. മരണത്തിന് ഏതാനും നാളുകള്‍ക്ക് മുന്‍പ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി സിബിഐ റിപ്പോര്‍ട്ട് കൊടുത്തെങ്കിലും മരണത്തിന് തൊട്ടുപിന്നാലെ മാത്രമാണ് കോടതി അത് അംഗീകരിച്ചത്.
പിന്നീട് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷം റിപ്പോര്‍ട്ട് പുറത്തുവിടുമ്പോള്‍ മാത്രമാണ് ഇതിലെ വിശദാംശങ്ങള്‍ പുറംലോകം അറിയുന്നത്. 77 പേജ് വരുന്ന ആ റിപ്പോര്‍ട്ടില്‍ ഉടനീളം അദ്ദേഹത്തിനെതിരെ പല തലങ്ങളില്‍ നടന്ന ഗൂഡാലോചനയുടെ വിശദാംശങ്ങളാണ് ഉണ്ടായിരുന്നത്. റിപ്പോര്‍ട്ട പുറത്തുവിട്ട വാര്‍ത്തകളിലൂടെ ഉമ്മന്‍ ചാണ്ടിയോട് ചെയ്ത അനീതിയുടെ ആഴം തിരിച്ചറിഞ്ഞ പൊതുസമൂഹം ഇതേറെ ചര്‍ച്ച ചെയ്യുകയും ചെയ്തതാണ്. ഇതോടെ സാധാരണക്കാര്‍ വരെ വേദനയോടെ ചോദിച്ച ചോദ്യമാണ്, മരിക്കും മുന്‍പ് ഇതെല്ലാം ഉമ്മന്‍ ചാണ്ടി അറിഞ്ഞിരുന്നോ എന്നത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് എടുത്ത് ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് സന്തോഷ് കുമാര്‍ പിന്നീട് വെളിപ്പെടുത്തി.
അപ്പോഴും ഒരു ചോദ്യം അവശേഷിച്ചു. എന്തുകൊണ്ട് ഉമ്മന്‍ ചാണ്ടി ഇത് പുറത്തറിയിച്ചില്ല. വ്യാജമായി തന്റെ മേല്‍ കെട്ടിവച്ച ലൈംഗിക പീഡനക്കേസിന്റെ യാഥാര്‍ത്ഥ്യം കേരള സമൂഹം അറിയണമെന്ന് അദ്ദേഹം ആഗ്രഹിച്ചില്ലേ അതിന് പിന്നിലെ വസ്തുതയാണ് ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന ആര്.കെ.ബാലകൃഷ്ണന് വെളിപ്പെടുത്തുന്നത്.