തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാൽ

തൃശൂർ: തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാൽ. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനാണ് വോട്ടെന്നും പത്മജ വ്യക്തമാക്കി. അച്ഛനും അമ്മയും ചേട്ടനുമെല്ലാം വീട്ടിൽ മാത്രമാണ്. തന്റെ പ്രസ്ഥാനം വേറെയാണെന്നും പത്മജ പറഞ്ഞു.

പത്മജ വേണുഗോപാൽ പറഞ്ഞത്

ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വോട്ട് ചെയ്യും. ഉദാഹരണം പറയാം, എന്റെ പിതാവ് ഡിഐസിയിൽ പോയപ്പോൾ ഏത് പാർട്ടിക്ക് വോട്ടിടണമെന്ന് എന്നോട് പറഞ്ഞില്ല. കാരണം ഞാൻ അന്ന് കോൺഗ്രസിലാണ്. അക്കാര്യത്തിൽ അദ്ദേഹം മര്യാദ കാണിച്ചു. എന്നും എന്റെ മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാൻ പറഞ്ഞിട്ടുള്ള ആളാണ് പിതാവ്. ഇവിടെ മത്സരിക്കുന്നത് ചേട്ടനാണ് എന്ന് നോക്കാൻ പറ്റില്ല. ചേട്ടനും അച്ഛനും അമ്മയുമൊക്കെ വീട്ടിലാണ്.

‘ആര് ജയിക്കും എന്ന് പറയാൻ ഞാൻ ജ്യോത്സ്യം നോക്കിയിട്ടില്ല. അത് പഠിക്കുന്ന സമയത്ത് ഞാൻ പറയാം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലരോടും സംസാരിച്ചപ്പോൾ, സുരേഷ് ഗോപിക്കാണ് മുൻതൂക്കം എന്നാണ് മനസിലായത്. അതും വിചാരിക്കുന്നതിനേക്കാൾ മുൻപിലാണ് അദ്ദേഹം. നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്ത് നിന്നാണ് സുരേഷ് ഗോപിക്ക് വോട്ട് വരുന്നത്. സ്ത്രീകളും ചെറുപ്പക്കാരും അദ്ദേഹത്തിന് പിന്നിലുണ്ട്. ഞാൻ പോയ സ്ഥലത്തെ ഒട്ടേറെ സ്ത്രീകൾ സുരേഷ് ഗോപിയുടെ വിജയത്തിനായി പ്രാർത്ഥിക്കുന്നുവെന്ന് പറഞ്ഞു.’

എന്റെ വോട്ട് ഒരിക്കൽ മാർക്‌സിസ്റ്റുകാർ കള്ളവോട്ട് ചെയ്‌തിട്ടുണ്ട്. അത് ഞാൻ കണ്ടുപിടിച്ചു. അച്ഛൻ ഡിഐസിയിലേക്ക് മാറിയ സമയത്ത് ആരാണ് എന്റെ കള്ളവോട്ട് ചെയ്‌തതെന്ന് ഞാൻ അന്വേഷിച്ചു. അങ്ങനെ കണ്ടുപിടിച്ചു. കള്ളവോട്ട് എല്ലാകാലത്തും എൽഡിഎഫിന്റെ പണിയാണ്. ആദ്യം മുതലേ അവർ അത് ചെയ്യുന്നതുമാണ്. ‘ ‘ചേട്ടന് വേണ്ടി പ്രാർത്ഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ. ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനം വേറെയാണ്. ഡിഐസിയിലായിരുന്ന സമയത്തെ ഉദാഹരണവും ഞാൻ പറഞ്ഞു. പിന്നെ, സഹോദരന് എന്നെ വേണ്ടല്ലോ. ഞാൻ സഹോദരിയല്ലെന്ന് പറഞ്ഞത് അദ്ദേഹമല്ലേ. അദ്ദേഹം എന്റെ രക്തമാണെന്ന് എനിക്കറിയാം. പക്ഷേ, എന്നെ കാണില്ലെന്നും ഞാൻ അദ്ദേഹത്തിന്റെ ആരുമല്ലെന്നും സഹോദരനാണ് പറഞ്ഞത്. അപ്പോൾപ്പിന്നെ പ്രാർത്ഥിക്കേണ്ട കാര്യമില്ലല്ലോ.’

Leave a Reply

Your email address will not be published. Required fields are marked *