പാര്‍ലമെന്റ് സമ്മേളനം ഇന്ന് മുതല്‍; തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ സര്‍ക്കാര്‍, അനൈക്യത്തോടെ പ്രതിപക്ഷ കക്ഷികളും

ന്യൂഡല്‍ഹി: ഇന്ന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ രണ്ടാംഘട്ട ബജറ്റ് സമ്മേളനത്തില്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷത്തിന്റെ യോജിച്ച നീക്കങ്ങള്‍ക്ക് മങ്ങല്‍.സഭാതല നീക്കങ്ങള്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചാല്‍ എല്ലാവരും കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ഇടയില്ലാത്ത സാഹചര്യം സോണിയ ഗാന്ധിയുടെ വസതിയില്‍ നടന്ന പാര്‍ട്ടി എം.പിമാരുടെ യോഗത്തില്‍ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഔപചാരികമായി യോഗം വിളിക്കുന്നതിനു മുമ്പ്് പ്രതിപക്ഷ പാര്‍ട്ടികളുടെ വികാരം അറിയാന്‍ രാജ്യസഭയിലെ ചീഫ് വിപ് ജയ്‌റാം രമേശിനെ ചുമതലപ്പെടുത്തി.

തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നിവ പ്രതിപക്ഷത്തിന്റെ എല്ലാ നീക്കങ്ങളിലും കോണ്‍ഗ്രസിനൊപ്പമില്ല. വിശ്വാസ്യത നഷ്ടപ്പെട്ട കോണ്‍ഗ്രസിനെ പ്രതിപക്ഷ ഐക്യത്തിന്റെ കാര്യത്തില്‍ ആശ്രയിക്കാന്‍ പറ്റില്ലെന്നാണ് നിയമസഭ തെരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തുവന്ന ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പറഞ്ഞത്.

സോണിയ ഗാന്ധിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ പാര്‍ട്ടിയിലെ തിരുത്തല്‍വാദി നേതാവായ ആനന്ദ് ശര്‍മ, ലോക്‌സഭയിലെ ചീഫ് വിപ് കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു

കോണ്‍ഗ്രസിന്റെ ഗോവ തോല്‍വിക്ക് തൃണമൂലും എ.എ.പിയും മത്സരിച്ചത് പ്രധാന കാരണമാണെന്ന് കോണ്‍ഗ്രസ് വിലയിരുത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ഖാര്‍ഗെ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. രാജ്യസഭയിലെന്ന പോലെ ലോക്‌സഭയിലും സര്‍ക്കാറിനെതിരെ യോജിച്ച പ്രതിപക്ഷ നീക്കം പഴയപടി സാധ്യമായെന്നു വരില്ല. ഇതാകട്ടെ, സര്‍ക്കാറിന് കൂടുതല്‍ ആവേശവും സൗകര്യവും നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *