പിണറായി വീണ്ടും അമേരിക്കയിലേക്ക്

തിരുവനന്തപുരം: പിണറായിയും സംഘവും അമേരിക്കയിലേക്ക്. ഒക്ടോബറിലാണ് മുഖ്യമന്ത്രിയുടേയും സംഘത്തിൻ്റെയും യാത്ര എന്നാണ് സൂചന. കേരള ബ്രാൻഡിംഗിൻ്റെ ഭാഗമായാണ് യാത്ര. കലാമണ്ഡലത്തിൻ്റെ നേതൃത്വത്തിൽ അമേരിക്കയിൽ നടക്കുന്ന അഞ്ച് ദിവസത്തെ പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.

മന്ത്രി സജി ചെറിയാനും അമേരിക്കൻ യാത്രയിൽ പിണറായിയെ അനുഗമിക്കും. ലോക കേരള സഭ സമ്മേളനത്തിൻ്റെ മറുപടി പ്രസംഗത്തിൽ അമേരിക്കൻ പരിപാടിയെ കുറിച്ച് പിണറായി സൂചിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം ഇങ്ങനെ

“കേരളത്തിന്റെ തനതു കലകളും സംസ്‌കാരവും വിദേശരാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെയും ബ്രാന്‍ഡ് ചെയ്യുന്നതിന്റെയും ഭാഗമായി കേരള കലാമണ്ഡലം വിവിധ കലകളെ കോര്‍ത്തിണക്കിയുള്ള ഷോ വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കും. അഞ്ച് ദിവസം വരെ നീണ്ടുനില്‍ക്കുന്ന അവതരണോത്സവങ്ങളും ശില്‍പ്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനു കലാമണ്ഡലം പദ്ധതി തയാറാക്കിയിട്ടുണ്ട്. ആദ്യ ഷോ അമേരിക്കയില്‍ സംഘടിപ്പിക്കും. കേരള കലകള്‍ ഓണ്‍ലൈനായി പഠിക്കുന്നതിന് അവസരവും ഒരുക്കും”.

നാലാം ലോക കേരള സഭ അവസാനിച്ചപ്പോൾ ക്രിയാത്മകമായ നിർദ്ദേശങ്ങളാണ് സമ്മേളനത്തിൽ ഉയർന്നുവന്നിട്ടുള്ളതെന്നും എല്ലാ നിർദ്ദേശങ്ങളുടെയും സാധ്യതകൾ പരിശോധിച്ച് സാധ്യമായ തീരുമാനങ്ങളും നടപടികളുമെടുത്ത് മുന്നോട്ടുപോകുമെന്നും ലോക കേരള സഭാ സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *