വിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജിന് വീണ്ടും നോട്ടിസ്; തിങ്കളാഴ്ച ഹാജരാകണം

കോട്ടയം: വിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജിന് വീണ്ടും നോട്ടിസ്. തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് ഹാജരാകണമെന്നാണ് നിര്‍ദേശം. ഇന്നലെയാണ് ഫോര്‍ട്ട് എ.സി.പി നോട്ടിസ് അയച്ചത്.കേസില്‍ മെയ് മാസം ഒന്നാം തീയതിയാണ് പി.സി.ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചത്. പൊലീസ് ദുര്‍ബലമായ റിപ്പോര്‍ട്ട് സമര്‍പിച്ചതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിക്കുന്നതെന്നു ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി ആശ കോശിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

മൂന്നു വര്‍ഷത്തില്‍ താഴെ ശിക്ഷ ആയതിനാല്‍ സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിലും പ്രോസിക്യൂഷന്‍റെ അഭാവത്തിലും കോടതിയുടെ വിവേചന അധികാരവും ഉപയോഗിച്ചാണ് ജാമ്യം അനുവദിച്ചത്.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി.സി.ജോര്‍ജിന്‍റെ വിവാദ പരാമര്‍ശം. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകള്‍ പൊലീസിനു പരാതി നല്‍കി. ഈ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *