ഉമ തോമസ് എംഎൽഎയ്ക്ക് കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് പരുക്കേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നൃത്ത പരിപാടി നടത്തിയതിന് സംഘാടകർക്കെതിരെയാണ് കേസെടുത്തത്. സ്റ്റേജ് നിർമാണ കരാറുകാർക്കെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.
ഇന്നലെ രാത്രി തന്നെ കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസ് അപകടമുണ്ടായ സ്ഥലം പരിശോധിച്ചിരുന്നു. 12 അടി ഉയരത്തിലാണ് ഗാലറി ക്രമീകരിച്ചത്. 55 അടി നീളമുള്ള സ്റ്റേജിൽ എട്ടടി വീതിയിലാണ് കസേരകൾ ഇടാൻ സ്ഥലമൊരുക്കിയത്. ദുർബലമായ ക്യൂ ബാരിയേർസ് ഉപയോഗിച്ചായിരുന്നു മുകളിൽ കൈവരിയൊരുക്കിയത്. പിന്നാലെ കേസെടുക്കാൻ എഡിജിപി മനോജ് എബ്രഹാം കൊച്ചി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകിയിരുന്നു.
സ്റ്റേഡിയത്തില്‍ നടക്കുന്ന നൃത്തപരിപാടിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ഉമ തോമസ് എംഎല്‍എ സ്റ്റേജില്‍ നിന്ന് 20 അടി താഴ്ച്ചയിലേക്ക് വീണത്. ഗാലറിയുടെ വശത്തുനിന്ന എംഎൽഎ താഴേക്കു വീഴുകയായിരുന്നു. ബാരിക്കേഡ് സ്ഥാപിച്ച പൈപ്പ് വീണു തലയ്ക്കു പരുക്കേറ്റു. ഉടനെ എംഎൽഎയെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ വെൻ്റിലേറ്ററിലാണ് എംഎല്‍എ.
നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഭരതനാട്യം നർത്തകരുടെ നൃത്ത സന്ധ്യക്കിടെയാണ് അപകടം ഉണ്ടായത്. പരിപാടി ആരംഭിക്കാനിരിക്കെ സ്റ്റേഡിയത്തിലെത്തിയ എംഎൽഎ മന്ത്രി സജി ചെറിയാനെ അഭിവാദ്യം ചെയ്ത ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് ഇരിക്കാനായി പോകുമ്പോൾ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഇവിടെ സ്ഥാപിച്ച താത്കാലിക ബാരിക്കേഡ് ബലമുള്ളതായിരുന്നില്ല.
താഴെ കോൺക്രീറ്റ് സ്ലാബിൽ തലയിടിച്ച് വീണ എംഎൽഎയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഉടനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.