വില വെറും 150 രൂപ, ഒരു വര്‍ഷം വരെ കേടാകില്ല; ഞെട്ടിക്കുന്ന ഒരു മില്‍മ ഉത്പന്നം

തിരുവനന്തപുരം: റെഡി ടു ഡ്രിങ്ക് പാലടപ്പായസവും ഐസ്‌ക്രീമിലെ പുത്തന്‍ തരംഗമായ ഇളനീര്‍ ഐസ്‌ക്രീമും പുറത്തിറക്കി മില്‍മ. പ്രവാസികളെയും അതുവഴി കയറ്റുമതിയും ലക്ഷ്യമിട്ടുള്ള പാലടപ്പായസം മലബാര്‍ യൂണിയന്റെ സഹകരണത്തോടെ മില്‍മ ഫെഡറേഷനും ഇളനീര്‍ ഐസ്‌ക്രീം മില്‍മ എറണാകുളം യൂണിയനുമാണ് പുറത്തിറക്കിയത്. ഇവ സംസ്ഥാനത്തെ എല്ലാ ഔട്ട്‌ലെറ്റുകള്‍ വഴിയും ലഭ്യമാകും.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരമായ പാലടപ്പായസം വിദേശങ്ങളിലെത്തിക്കാന്‍ ഈ സംരംഭത്തിലൂടെ സാധിക്കുമെന്ന് മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എസ്.മണി പറഞ്ഞു. പുതിയ രുചികളിലേക്ക് മില്‍മയുടെ ഐസ്‌ക്രീമിനെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇളനീര്‍ ഐസ്‌ക്രീം പുറത്തിറക്കിയതെന്ന് എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം.ടി.ജയന്‍ വ്യക്തമാക്കി.

മൈക്രോവേവ് അസിസ്റ്റഡ് തെര്‍മല്‍ സ്റ്റെറിലൈസേഷന്‍ (എം.എ.ടി.എസ്) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അസെപ്റ്റിക് രീതിയിലാണ് പന്ത്രണ്ടുമാസം വരെ കേടുകൂടാതിരിക്കുന്ന പായസം തയ്യാറാക്കുന്നതും പായ്ക്ക് ചെയ്യുന്നതും. രുചി,മണം,ഗുണമേന്മ എന്നിവ ചോരാതെ സംരക്ഷിക്കാനാകുമെന്നതാണ് പ്രത്യേകത.ആന്ധ്രാപ്രദേശിലെ ശ്രീസിറ്റിയിലുള്ള ടാറ്റയുടെ അത്യാധുനിക എം.എ.ടി.എസ് സ്മാര്‍ട്‌സ് ഫുഡ് പ്ലാന്റിലാണിത് നിര്‍മ്മിക്കുന്നത്. നാലുപേര്‍ക്ക് വിളമ്പാനാകുന്ന 400 ഗ്രാമിന്റെ പാക്കറ്റിലായിരിക്കും വിപണിയിലെത്തുക. 150 രൂപയാണ് വില. റീപൊസിഷനിംഗ് മില്‍മ പദ്ധതിയുടെ ഭാഗമായാണ് ഇത്തരം ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *