കേരളം,തമിഴ്നാട്,മഹാരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്തെത്തും

തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരളം,തമിഴ്നാട്,മഹാരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്തെത്തും. അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമസേനയുടെ ടെക്നിക്കല്‍ ഏരിയയില്‍ രാവിലെ 10.30ന് എത്തുന്ന പ്രധാനമന്ത്രി വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് പോകും. വി.എസ്.എസ്.സിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
ഇന്ത്യയുടെ അഭിമാനപദ്ധതിയായ ഗഗന്യാന് യാത്രികരെ പ്രഖ്യാപിക്കുമെന്നതാണ് അതില്‍ ഏറ്റവും ശ്രദ്ധേയം. യാത്രികരിലൊരാള്‍ മലയാളിയെന്നാണ് സൂചന. ഇദ്ദേഹം വ്യോമസേനയിലെ സ്ക്വാഡ്രണ്‍ ലീഡറായുള്ള ഉദ്യോഗസ്ഥനാണെന്നാണ് വിവരം. ഗഗന്യാന് പദ്ധതിക്കായി തിരുവനന്തപുരത്തും തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലും ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിലും ഒരുക്കിയ 1800 കോടിയുടെ നവീന സംവിധാനങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് പോകും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് നയിക്കുന്ന കേരളയാത്രയുടെ സമാപന റാലിയുടെ ഭാഗമായി അവിടെ നടക്കുന്ന സമ്മേളനത്തില്‍ ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണിവരെ പ്രധാനമന്ത്രി പങ്കെടുക്കും.കേരളത്തിലെ പരിപാടികള്‍ക്ക് ശേഷം ഉച്ച കഴിഞ്ഞ് കോയമ്പത്തൂരിലെത്തുന്ന മോദി, 2:45ന് തിരുപ്പൂരിലെ ബിജെപി പൊതുയോഗത്തില്‍ പ്രസംഗിക്കും. നാലു മണിയോടെ ഹെലികോപ്ടറില്‍ മധുരയിലേക്ക് പോകുന്ന മോദി, ചെറുകിട ഇടത്തരം വ്യവസായങ്ങളുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കും.
ഇന്ന് രാത്രി മധുരയില്‍ തങ്ങിയ ശേഷം നാളെ തൂത്തുകുടിയിലും തിരുനെല്‍വേലിയിലും പരിപാടികളില്‍ സംബന്ധിക്കും. ഈ വര്‍ഷം മൂന്നാം തവണയാണ് മോദി തമിഴ്നാട്ടില്‍ എത്തുന്നത്. നാളെ ഉച്ചയോടെ തിരുനെല്‍വേലിയില്‍ നിന്ന് ഹെലികോപ്ടര്‍ മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി 1.15 ന് മഹാരാഷ്ട്രയിലേക്ക് പോകും.തമിഴ്നാട്ടില്‍ 17,300കോടിയുടെയും മഹാരാഷ്ട്രയില്‍ 4,400കോടിയുടെയും പദ്ധതികള്‍ക്കും മോദി തുടക്കമിടും.