പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; ഇന്നും നടൻ
ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് എത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാകില്ലെന്ന് വിലയിരുത്തിയ ശേഷമാണ് കോടതി ജാമ്യാപേക്ഷ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ സിംഗിള്‍ ബഞ്ച് തള്ളിയത്. ജയിലില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് കാണിച്ചാണ് പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
അതേ സമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതികളിലൊരാളായ നടന്‍ ദിലീപിനെ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. ഇന്നലെ ഏഴ് മണിക്കൂറോളം ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ തന്റെ കൈവശം ഇല്ലെന്നായിരുന്നു ദിലീപിന്റെ മൊഴി.
നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം 2018 നവംബര്‍ 15ന് ആലുവയിലെ വീട്ടില്‍ വെച്ച് ദിലീപ് കണ്ടെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയത്. എന്നാല്‍ ഈ ദൃശ്യം തന്‍റെ പക്കലില്ലെന്നും മൊഴിയെക്കുറിച്ച് അറിയില്ലെന്നും ദിലീപ് പറയുന്നു. കേസിലെ 20 സാക്ഷികള്‍ കൂറ് മാറിയ സംഭവത്തില്‍ ദിലീപിന്‍റെ പങ്കിനെക്കുറിച്ചും ചോദ്യങ്ങളുണ്ടായി. ഹാക്കര്‍ സായ് ശങ്കറിനെ ഉപയോഗിച്ച് ദിലീപ് ഫോണില്‍ നിന്ന് മായ്ച്ച വിവരങ്ങളില്‍ ചിലത് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ രേഖകള്‍ അടക്കം വെച്ചുള്ള ചോദ്യം ചെയ്യലാണ് ഇന്ന് നടന്നത്. കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയുമായുള്ള ബന്ധത്തിലും ദിലീപില്‍ നിന്ന് വിവരങ്ങള്‍ തേടും. നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയില്‍ ദിലീപിന്‍റെ പങ്ക് വ്യക്തമാക്കാാനുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഏപ്രില്‍ 15 നകം തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നല്‍കിയ നിര്‍ദേശം