ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി ; പുതിയ മുന്നണിയുമായി പി വി അന്‍വര്‍

പുതിയ മുന്നണിയുമായി പി വി അന്‍വര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കേരള കണ്‍വീനറായ പി വി അന്‍വര്‍ മത്സരിക്കുക ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’ യുടെ ലേബലിലായിരിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവര്‍ത്തനം.

തൃണമൂല്‍ കോണ്‍ഗ്രസിന് പുറമെയുള്ള വോട്ടുകൾ പാളയത്തിലേക്ക് എത്തിക്കുക ലക്ഷ്യമിട്ടാണ് മുന്നണി രൂപീകരണം. മുന്നാം മുന്നണി രൂപീകരണം എന്ന വിശാല ലക്ഷ്യം കൂടി മുന്നിൽ കാണുന്നുണ്ട്. നിരവധി ചെറിയ സംഘടനകള്‍ മുന്നണിയുടെ ഭാഗമായേക്കും. കാര്‍ഷിക, തൊഴില്‍, വ്യാപാര, സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ താല്‍പര്യപ്രകാരമാണ് മുന്നണിയുടെ കീഴില്‍ മത്സരിക്കുകയെന്ന തീരുമാനം എടുത്തതെന്ന് പി വി അൻവർ പറഞ്ഞു.

അതിനിടെ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കെതിരെ പി വി അൻവർ രംഗത്തെത്തി. നേതാക്കൾ കാട്ടി കൂട്ടിയ പലതിന്‍റേയും തെളിവുകൾ തന്‍റെ പക്കലുണ്ടെന്നും വേണ്ടി വന്നാൽ നിലമ്പൂർ അങ്ങാടിയിൽ ടി വി വെച്ച് കാണിക്കുമെന്നും പി വി അൻവർ പറഞ്ഞു.

‘പിണറായിസത്തിനെതിരെ നില്‍ക്കേണ്ട പ്രതിപക്ഷ നേതാവ് പിണറായിയോടൊപ്പം നിന്നു. ഹിറ്റലറിനെ പോലെ വി ഡി സതീശന്‍ യുഡിഎഫിനെ അടക്കി ഭരിക്കുകയാണ്. കെ സി വേണുഗോപാലിന് പോലും ഒന്നും സാധിക്കുന്നില്ല. വി ഡി സതീശന്റെ നിലവിലെ റോള്‍ 2026 ലെ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കും. അദ്ദേഹത്തിനെതിരെ കൈപൊക്കുന്നയാള്‍ നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കരുതെന്ന് ആഗ്രഹിക്കുന്നു. അന്‍വറിനെ ഒപ്പം കൂട്ടിയാല്‍ വി ഡി സതീശന്‍ നിയമസഭ കാണില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ പിന്നിലെ എന്തുചെയ്യും’, പി വി അൻവർ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *