രാഹുൽ ഗാന്ധി കേരളത്തിലേക്കില്ല; നാളെത്തെ പരിപാടികൾ റദ്ദാക്കി

ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി നാളെ കേരളത്തിൽ സന്ദർശനം നടത്തില്ല. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് നാളെത്തെ കേരള സന്ദർശനം റദ്ദാക്കിയത്. ആലപ്പുഴ ബിച്ചിലെ പൊതു സമ്മേളനവും വേണ്ടെന്നുവച്ചു.

ശാരീരിക അസ്വസ്ഥത മൂലം ജാർഖണ്ഡിലെ റാഞ്ചിയിൽ ‘ഇന്ത്യാ’ സഖ്യം നടത്തുന്ന സംയുക്ത റാലിയിൽ രാഹുൽ പങ്കെടുക്കില്ലെന്ന് പാർട്ടി അധികൃതർ അറിയിച്ചിരുന്നു. ഔദ്യോഗിക എക്സ് പോസ്റ്റിലൂടെ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ഉൾപ്പെടെയുള്ള മറ്റു കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും. ഇതിന് പിന്നാലെയാണ് ഇപ്പോൾ കേരള സന്ദർശനവും റദ്ദാക്കിയത്.

‘ഞായറാഴ്ച മദ്ധ്യപ്രദേശിലെ സത്നയിലും ജാർഖണ്ഡിലെ റാഞ്ചിയിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പെട്ടെന്ന് ശാരീരിക അസ്വസ്ഥത ഉണ്ടായതോടെ അദ്ദേഹത്തിന് ഡൽഹി വിട്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സത്നയിലെ പരിപാടിക്ക് ശേഷം റാഞ്ചിയിലെ സമ്മേളനത്തിൽ പങ്കെടുക്കും’, ജയ്റാം രമേശ് എക്സിൽ കുറിച്ചു.ഇന്ത്യാ സഖ്യത്തിന്റെ രണ്ടാമത്തെ പ്രധാന പ്രചാരണ പരിപാടിയാണ് റാഞ്ചിയിലെ പ്രഭാത് താര മെെതാനത്തിൽ നടക്കുന്ന റാലി. ‘ഉൽഗുലൻ ന്യായ് റാലി’ എന്നാണ് പരിപാടിക്ക് നൽകിയിരിക്കുന്ന പേര്. മാർച്ച് 31ന് ഡൽഹിയിലെ രാംലീല മെെതാനത്തിലായിരുന്നു ഇന്ത്യാ സഖ്യത്തിന്റെ ആദ്യ റാലി നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *