ഇ.ഡി രാഹുലിനെ ഇന്നും ചോദ്യം ചെയ്യും; ഇന്നലെ ചോദ്യം ചെയ്തത് പത്തുമണിക്കൂര്‍

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്നും എന്‍ഫോര്‍സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യശരങ്ങള്‍ക്ക് വിധേയമാകും . ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാഹുലിനോട് ഇഡി ആവശ്യപ്പെട്ടു. ഇന്നലെ പത്തുമണിക്കൂറോളമാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. രാവിലെ 11.30നാണ് രാഹുല്‍ ഇഡി ഓഫീസിലെത്തിയത്. ആദ്യ ദിവസം ഒന്‍പത് മണിക്കൂറോളമാണ് രാഹുലിനെ ചോദ്യം ചെയ്തത്.
രാഹുലിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ജെബി മേത്തര്‍, നേതാക്കളായ മാണിക്കം ടഗോര്‍, അധീര്‍ രഞ്ജന്‍ ചൗധരി, ഗൗരവ് ഗഗോയ്, ദീപേന്ദര്‍ സിങ് ഹൂഡ, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുളള സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡല്‍ഹി പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഇതിനെ വക വെക്കാതെ കോണ്‍ഗ്രസ് നേതാക്കള്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറുകയായിരുന്നു. പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞതോടെ പൊലീസും നേതാക്കളുമായി വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരെ കസ്റ്റ്ഡിയിലെടുക്കുകയായിരുന്നു.