രാജ്യസഭാ സീറ്റ്: സംസ്ഥാന കോണ്‍ഗ്രസിലെ നേതാക്കള്‍ തമ്മിലുള്ള കലാപത്തിന് തീ കൊളുത്തിയത് എ.കെ.ആന്റണി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തറിനു വേണ്ടി ചരടുവലിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എ.കെ.ആന്റണി . ആന്റണിയുടെ ഈ നെറികെട്ട പ്രവര്‍ത്തിയാണ് സംസ്ഥാന കോണ്‍ഗ്രസില്‍ രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്ന പോരിന് തുടക്കം വച്ചത്. വര്‍ഷങ്ങളായി ആന്റണി കൈവശം വച്ചിരുന്ന രാജ്യസഭാ സീറ്റ് ആന്റണിയുമായി ആലോചിക്കാതെ മറ്റൊരാള്‍ക്ക് നല്‍കാന്‍ എ.ഐ.സി.സി ക്ക് നട്ടെല്ല് ഇല്ലായിരുന്നു.ഇത് മുതലാക്കിയാണ് ആന്റണി കരുക്കള്‍ നീക്കിയത്. ഇത് അറിയാവുന്ന എം. എം .ഹസ്സന്‍ രാജ്യസഭാ സീറ്റിന് വേണ്ടി ആന്റണിയെ സമീപിച്ചെങ്കിലും ആന്റണി കണ്ട ഭാവം നടിച്ചില്ല.

മേത്തര്‍ കുടുബവുമായി എ.കെ.ആന്റണിക്ക് അടുത്ത ബന്ധമാണുള്ളത്. ഈ ബന്ധമാണ് ജെബി സ്ഥാനാര്‍ത്ഥിയി നിശ്ചയിക്കാന്‍ ആന്റണിയെ പ്രേരിപ്പിച്ചത്. കെ.എസ്.യു. കാലം മുതല്‍ ആന്റണി ഈ കുടുംബവുമായി അടുത്ത ബന്ധമാണ് പുലര്‍ത്തി വന്നിരുന്നത്. ഈകുടുംബത്തിന്റെ കരങ്ങളിലായിരുന്നു ആന്റണി. മേത്തര്‍ കുടുബത്തിന്റെ വക മാസ് ഹോട്ടലിലായിരുന്നു വയലാര്‍ രവിയും എ. കെ. ആന്റണിയും താമസിച്ചിരുന്നത്. താമസത്തിനു പുറമെ ഭക്ഷണവും സൗജന്യമായാണ് ഇവിടെനിന്നും നല്‍കിയിരുന്നത്. കൂടാതെ സംഘടന പ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക സഹായം ഈ കുടുംബം നല്‍കി. പിന്നീട് ആന്റണി മുഖ്യമന്ത്രിയായപ്പോഴും കേന്ദ്രമന്ത്രിസഭയില്‍ അംഗമായ എപ്പോഴും മേത്തര്‍ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് പുലര്‍ത്തിപ്പോന്നത് . ഈ ബന്ധമാണ് ജെബി മേത്തര്‍ക്ക് രാജ്യസഭയിലേക്ക് എത്താന്‍ അവസരം തെളിഞ്ഞത്. ആന്റണിയടെ അതിരുവിട്ട ഇടപെടലാണ് സംസ്ഥാന കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കലഹത്തിനു പിന്നില്‍.

സതീശന്‍പാച്ചേനി , എം ലിജു എന്നീ രണ്ട് പേരുകളില്‍ മാത്രമൊതുങ്ങി നിന്ന സ്ഥാനാര്‍ത്ഥിപട്ടിക അട്ടിമറിച്ചത് എ.കെ.ആന്റണി എന്ന തന്ത്രശാലിയുടെ കുതന്ത്രങ്ങളാണ്. സംസ്ഥാന കോണ്‍ഗ്രസിന് തീര്‍ത്തും അജ്ഞാതനായ എ ഐ സി സി സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണന്റെ പേരും കൂടി ഇതില്‍ വലിച്ചെറിയപ്പെട്ടു .ഇതിന് പിന്നിലും ആന്റണിയുടെ കറുത്ത കരങ്ങളായിരുന്നുവെന്നും ആക്ഷേപമുണ്ട് .

കേരളത്തില്‍ നിന്ന് 42 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസിലെ ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്. രാജ്യസഭയിലെത്തുന്ന ആദ്യത്തെ മുസ്ലിം വനിത എന്ന പരിഗണന ലഭിക്കുന്നതു കൊണ്ട് പിന്നോക്ക വിഭാഗത്തിന്റെ വലിയ പിന്‍തുണ ലഭിക്കുമെന്ന് ആന്റണി കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചു.ആന്റണിയുടെ വാക്ക് വിശ്വസിച്ചാണ് കേന്ദ്ര നേതൃത്വം കെ.പി.സി.സി പ്രസിഡന്റ് ഉയര്‍ത്തി കൊണ്ട് നടന്ന എം. ലിജു പടിക്ക് പുറത്താക്കിയത്.

എ .കെ.ആന്റണിയുടെ ഒഴിവില്‍ രാജ്യസഭയിലേക്ക് പോകുന്ന ജെബി കേരളത്തില്‍ നിന്നുള്ള ഒന്‍പത് അംഗങ്ങളില്‍ കോണ്‍ഗ്രസിന്റെ ഏക പ്രതിനിധിയാണ് . കോണ്‍ഗ്രസ് നേതാവായ കെ.എം.ഐ. മേത്തറുടെ മകളും മുന്‍ കെ.പി.സി.സി. പ്രസിഡന്റ് ടി .ഒ. ബാവയുടെ കൊച്ചുമകളുമാണ് ജെബി മേത്തര്‍. ആലുവ നഗരസഭ വൈസ് ചെയര്‍പേഴ്സണായ ജെബി 2010 മുതല്‍ ആലുവ നഗരസഭാ കൗണ്‍സിലറാണ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *