പാലക്കാട് കൊല്ലപ്പെട്ട എസ് ഡി പിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ ശരീരത്തില്‍ അമ്പതിലേറെ വെട്ടുകൾ; അന്വേഷണം പഴയ വെട്ടുകേസ് പ്രതികളിലേക്കും

പാലക്കാട്: എലപ്പുള്ളി പാറയില്‍ കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ ശരീരത്തില്‍ അമ്പതിലേറെ വെട്ടുകള്‍. കഴുത്തിനും കൈക്കും കാലിനും ഏറ്റ ആഴത്തിലുള്ള മുറിവുകളില്‍നിന്നു രക്തം വാര്‍ന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മുറിവുകളുടെ എണ്ണം കൂടുതലുള്ളതിനാല്‍ നാലു മണിക്കൂറെടുത്താണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായത്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
സുബൈറിന് വധഭീഷണി ഉണ്ടെന്ന് പാലക്കാട് എസ്പിക്കു പരാതി നല്‍കിയിരുന്നതായി പോപ്പുലര്‍ ഫ്രണ്ട്. പക്ഷേ, പോലീസ് ഗൗനിച്ചില്ല. സുബൈറിനെ സഞ്ജിത് വധക്കേസില്‍ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പ്രതിചേര്‍ത്തിട്ടില്ല. പൊലീസ് ക്രിമിനലുകളെ സംരക്ഷിക്കുകയാണ്. ആര്‍എസ്എസിന്റെ കേരളത്തിലെ ലബോറട്ടറിയാണ് പാലക്കാടെന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
പാലക്കാട് സുബൈറിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച ആള്‍ട്ടോ കാര്‍ സുബൈറിന്റെ അയല്‍വാസിയായ ബിജെപി പ്രവര്‍ത്തകന്‍ രമേശാണു വാടകയ്ക്കെടുത്തതെന്ന് പോലീസ്. കാര്‍ ഉപേക്ഷിച്ച നിലയില്‍ കഞ്ചിക്കോടുനിന്ന് കണ്ടെത്തിയിരുന്നു. കൃപേഷ് എന്നയാളുടെ കാറാണു വാടകയ്ക്കു നല്‍കിയത്. അമ്പലത്തില്‍ പോകാനെന്ന പേരിലാണ് വാടകയ്ക്കെടുത്തതെന്ന് റെന്റ് എ കാര്‍ ഇടപാടു നടത്തുന്ന അലിയാര്‍ പറഞ്ഞു.
സുബൈറിന്റെ കൊലപാതകത്തില്‍ അന്വേഷണം പഴയ വെട്ടുകേസ് പ്രതികളിലേക്കും. ഒരു വര്‍ഷം മുമ്പ് സക്കീര്‍ ഹുസൈന്‍ എന്ന എസ്ഡിപിഐ പ്രവര്‍ത്തകനെ എരട്ടക്കുളത്തു വെട്ടിയ കേസിലെ പ്രതികളായ സുദര്‍ശനന്‍, ശ്രീജിത്ത്, ഷൈജു എന്നിവര്‍ ഉള്‍പ്പടെ അഞ്ചു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഒരു മാസം മുമ്പ് ഇവര്‍ ജാമ്യത്തിലിറങ്ങിയിരുന്നു.