സുരേഷ് ഗോപിക്ക് ആകെ വരുമാനം 4. 68 കോടി, കൈയിൽ 1025 ഗ്രാം സ്വർണം, തിരുനെൽവേലിയിൽ 82 ഏക്കർ ഭൂമി, എട്ട് വാഹനങ്ങൾ

തൃശൂർ : തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ആസ്തി വിവരങ്ങൾ വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മിഷനിൽ സമർപ്പിച്ച നാമനിർദ്ദേശപത്രിക. 40000 രൂപയാണ് സുരേഷ്ഗോപിയുടെ കൈവശമുള്ളത്. ബാങ്ക് അക്കൗണ്ടുകളിൽ 24 ലക്ഷം രൂപയും ഏഴു ലക്ഷം രൂപയുടെ മ്യൂച്വൽ ഫണ്ട്/ ബോണ്ട് എന്നിവയും പോസ്റ്റ്ഓഫീസിൽ 67 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്. 53 ലക്ഷം രൂപ മൂല്യം വരുന്ന 1025 ഗ്രാം സ്വർണം സുരേഷ് ഗോപിയുടെ കൈവശമുണ്ട്, ഭാര്യയുടെ പേരിൽ 54 ലക്ഷം രൂപ മൂല്യമുള്ള സ്വർണവും 2 മക്കളുടെ പേരിൽ 36 ലക്ഷം രൂപ മൂല്യം വരുന്ന സ്വർണവുമുണ്ട്. 4 കോടി 68 ലക്ഷം രുപയാണ് സുരേഷ് ഗോപിയുടെ ആകെ വരുമാനം. 2023-2024 വർഷത്തെ ആദായനികുതി റിട്ടേൺ അടിസ്ഥാനമാക്കിയാണ് കണക്ക.
ഭാര്യയ്ക്ക് 4.13 ലക്ഷം വരുമാനമുണ്ട്. 4.07 കോടിയിലധികം രൂപയുടെ ജംഗമ ആസ്തിയും സുരേഷ് ഗോപിക്കുണ്ട്. ഏഴ് കേസുകളും സ്ഥാനാർത്ഥിയുടെ പേരിലുണ്ട്. 2.53 കോടി രൂപ വിലവരുന്ന എട്ട് വാഹനങ്ങളും തിരുനൽവേലിയിൽ 82.4 ഏക്കർ സ്ഥലവും സ്വന്തമായുണ്ട്. 61 ലക്ഷം രൂപാ വിവിധ ബാങ്കുകളിൽ ലോണുണ്ടെന്നും പത്രികയിൽ വെളിപ്പെടുത്തുന്നു. തൃശ്ശൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരന് 2.65 കോടി രൂപയുടെ ജംഗമ ആസ്തിയും 2.61 കോടി രൂപയുടെ സ്ഥാവര ആസ്തിയുമുണ്ട്. വിവിധ ബാങ്കുകളിൽ രണ്ടു കോടിയിലധികം രൂപയുടെ നിക്ഷേപവുമുണ്ട്. 51 ലക്ഷം രൂപ മൂല്യമുള്ള മൂന്നു വാഹനങ്ങളും അദ്ദേഹത്തിനുണ്ട്. കൈയ്യിൽ 8 ഗ്രാമിന്റെ മോതിരവും 7 ലക്ഷം രൂപയുടെ ഫർണിച്ചറുകളുമുണ്ടെന്നും പത്രികയിൽ വെളിപ്പെടുത്തുന്നു.