ആലപ്പുഴ സമ്മേളനത്തിൽ നിന്നും വി എസ് ഇറങ്ങിപ്പോയതിൻ്റെ കാരണം വെളിപ്പെടുത്തി സുരേഷ് കുറുപ്പിൻ്റെ ലേഖനം

കോട്ടയം: ആലപ്പുഴയിലെ സംസ്ഥാന സമ്മേളനം വിഎസ് ബഹിഷ്‌ക്കരിച്ചത് ‘ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ്’ (വധശിക്ഷ) പ്രയോഗത്തെ തുടര്‍ന്നാണെന്ന് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സുരേഷ് കുറുപ്പ്. വിഎസിന് ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന പരാമര്‍ശം സമ്മേളനത്തില്‍ നടത്തിയത് പെണ്‍കുട്ടിയാണെന്നും ഒരു മാധ്യമത്തിലെഴുതിയ ലേഖനത്തില്‍ സുരേഷ് കുറുപ്പ് പറഞ്ഞു.

”വിഎസിന്റെ തട്ടകമായ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി വിഎസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാന്‍ പറ്റാതെ വിഎസ് വേദിവിട്ടു പുറത്തേക്കിറങ്ങി. ഏകനായി, ദുഃഖിതനായി. പക്ഷേ തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ അദ്ദേഹം സമ്മേളന സ്ഥലത്തുനിന്നു വീട്ടിലേക്കു പോയി. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹം പാര്‍ട്ടിയെ ഒരിക്കലും അധിക്ഷേപിച്ചില്ല”ലേഖനത്തില്‍ പറയുന്നു. 2015ലായിരുന്നു ആലപ്പുഴയിലെ സംസ്ഥാന സമ്മേളനം.

സിപിഎമ്മില്‍ വിഭാഗീയത കടുത്ത നാളുകളില്‍ വി.എസ്.അച്യുതാനന്ദനെ ‘ക്യാപിറ്റല്‍ പണിഷ്‌മെന്റിന്’ വിധേയമാക്കണമെന്ന മട്ടില്‍ പാര്‍ട്ടി സമ്മേളനത്തില്‍ പ്രസംഗം ഉണ്ടായെന്നതു സത്യമാണെന്ന് സിപിഎം നേതാവായിരുന്ന പിരപ്പന്‍കോട് മുരളി വെളിപ്പെടുത്തിയിരുന്നു. വിഎസ് അന്തരിച്ചതിനു പിറ്റേന്ന് ‘മലയാള മനോരമയില്‍’ എഴുതിയ ലേഖനത്തിലാണു മുന്‍ സിപിഎം എംഎല്‍എയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പിരപ്പന്‍കോട് ഇക്കാര്യം പറഞ്ഞത്.

2012 ലെ തിരുവനന്തപുരം സിപിഎം സംസ്ഥാന സമ്മേളനത്തില്‍ എം.സ്വരാജാണ് ഇങ്ങനെ പ്രസംഗിച്ചതെന്നും വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് സ്വരാജ്. വിഎസിനെക്കുറിച്ചു മോശമായി എന്തെങ്കിലും പറഞ്ഞതിന്റെ ഒരു തെളിവോ വിഡിയോ ക്ലിപോ ഹാജരാക്കിയാല്‍ ഈ പരിപാടി നിര്‍ത്താമെന്നായിരുന്നു സ്വരാജ് മുന്‍പ് ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചത്.