പത്മജ വേണുഗോപാലിനെ ബിജെപിയില്‍ എത്തിക്കാനുള്ള നീക്കം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറിവോടെ

തിരുവനന്തപുരം :മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗവുമായ പത്മജ വേണുഗോപാലിനെ ബിജെപിയില്‍ എത്തിക്കാനുള്ള നീക്കം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറിവോടെ. എന്നാല്‍ ഇതുസംബന്ധിച്ച് ഒരു അറിവും ബിജെപി സംസ്ഥാന നേതൃത്വത്തിന് ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ദേശീയ നേതൃത്വവുമായി ഏറെ അടുപ്പമുള്ള കേരളത്തിലെ ഒരു നേതാവാണ് ഇതിനുവേണ്ടി ചരടുവലിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബിജെപി പ്രവേശനം സംബന്ധിച്ച് പാര്‍ട്ടി അദ്ധ്യക്ഷന്‍ ജെ പി നദ്ദ പത്മജയുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന.
ഇന്ന് ഉച്ചയ്ക്കുമുമ്പുതന്നെ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. രാജ്യസഭാ സീറ്റും പാര്‍ട്ടി പദവിയുമുള്‍പ്പടെ പത്മജയ്ക്ക് നല്‍കിയേക്കുമെന്നാണ് വിവരം. പത്മജയ്ക്ക് ഇതുസംബന്ധിച്ച് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ബിജെപി പ്രവേശനത്തിന് മുന്നോടിയായി ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നും കോണ്‍ഗ്രസ് എന്ന വിവരങ്ങള്‍ പത്മജ നീക്കി. ഇന്ത്യന്‍ പൊളിറ്റിഷന്‍ ഫ്രം കേരളയെന്നാണ് ഫേസ്ബുക്കില്‍ പുതുതായി ചേര്‍ത്തത്.
കോണ്‍ഗ്രസില്‍ ഏറെ നാളായി അവഗണിക്കപ്പെടുന്നുവെന്ന് പത്മജ പലതവണ നേതൃത്വത്തോട് പരാതിപറഞ്ഞിട്ടുണ്ട്. എന്നാല്‍ അവരുടെ പരാതി കാര്യമായി പരിഗണിക്കാനോ അതിന് പരിഹാരം കാണാണോ നേതൃത്വം നടപടി സ്വീകരിച്ചില്ല. അതാണ് ഇത്തരമൊരു നീക്കത്തിന് പത്മജയെ പ്രേരിപ്പിച്ചതെന്നാണ് അവരോട് അടുപ്പമുള്ളവര്‍ പറയുന്നത്. അനില്‍ ആന്റണി ബി ജെ പിയിലേക്ക് പോയപ്പോള്‍ ഇതുപോലുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം മുന്‍കൈ എടുക്കേണ്ടിയിരിക്കുന്നു എന്ന പത്മജ ഫേസ്ബുക്ക് കുറിപ്പിലൂടെ സൂചിപ്പിച്ചിരുന്നു. .
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ കോണ്‍ഗ്രസുകാര്‍ തന്നെ പരാജയപ്പെടുത്തിയതായി അവര്‍ ആരോപണമുന്നയിച്ചിരുന്നു. കെ.കരുണാകരന്റെ സ്മാരകം സ്ഥാപിക്കുന്നതിലും കാലതാമസമുണ്ടാക്കി. സ്മാരക നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പത്മജ കാര്യമായി പ്രവര്‍ത്തിച്ചെങ്കിലും കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവുമുള്‍പ്പടെയുള്ളവര്‍ ഒന്നും ചെയ്തില്ലെന്ന് പരാതി പത്മജ തന്നെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ പറഞ്ഞിരുന്നു.
കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം കൂടിയായ പത്മജയെ കോണ്‍ഗ്രസ് നേതൃത്വം പല പരിപാടികളിലും പങ്കെടുപ്പിക്കുന്നില്ലെന്നും പരാതിയുണ്ടായിരുന്നു.ഇന്നലെ ബി.ജെ.പിയിലേക്ക് പോകുന്നതായി അഭ്യൂഹമുണ്ടായിരുന്നെങ്കിലും അവര്‍ ഫേസ്ബുക്കിലൂടെ വാര്‍ത്ത നിഷേധിച്ചു. വൈകിട്ടോടെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു. തുടര്‍ന്ന് രാത്രിയോടെയാണ് സുപ്രധാന നീക്കം. 2004ല്‍ മുകുന്ദപുരം ലോക്സഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ച പത്മജ ലോനപ്പന് നമ്പാടനോട് പരാജയപ്പെട്ടിരുന്നു. 2016ലും 2021ലും തൃശൂരില്‍ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
സംസ്ഥാനത്തുനിന്ന് കോണ്‍ഗ്രസിന്റെ ഒരു പ്രമുഖ നേതാവിനെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ കഴിഞ്ഞത് ബി ജെ പിക്ക് ദേശീയ തലത്തില്‍ വന്‍ നേട്ടമാകും. പ്രത്യേകിച്ചും കോണ്‍ഗ്രസിന്റെ പ്രമുഖനേതാവും മുഖ്യമന്ത്രിയുമൊക്കെയായിരുന്ന കെ കരുണാകരനെപ്പോലുള്ള ഒരാളുടെ മകള്‍. മാത്രമല്ല സംസ്ഥാന കോണ്‍ഗ്രസിലെ പ്രധാനസ്ഥാനത്തുള്ള വ്യക്തികൂടിയാണ് പത്മജ.
ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളുടെ വന്‍ പട തങ്ങളുടെ പാളയത്തിലേക്ക് വരുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ ഇതിലൂടെ ബി ജെ പിക്ക് കഴിയും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതേസമയം, പത്മജയുടെ ബി ജെ പി പ്രവേശനം ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാവും. അണികളോടും ജനങ്ങളോടും ഇക്കാര്യം വിശദീകരിക്കാന്‍ നേതൃത്വം ഏറെ വിയര്‍ക്കേണ്ടിവരുമെന്നുറപ്പ്.