സംസ്ഥാനത്ത് മരുമകന് ഭരണം ശക്തി പ്രാപിക്കുന്നു. കേരളീയം മാമാങ്കത്തിനായി സര്‍ക്കാര്‍ പുതിയ ശീര്‍ഷകം തുറന്നിരിക്കുകയാണ്. റിയാസിന്റെ ടൂറിസം വകുപ്പിനാണ് പിണറായി കേരളിയത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. 3452- 80- 104 99 04 പ്ലാന്‍ ( വോട്ടഡ് ) എന്ന ശീര്‍ഷകമാണ് കേരളീയത്തിനായി ബാലഗോപാല്‍ അനുവദിച്ചിരിക്കുന്നത്.
ഇതിന്റെ ഉത്തരവ് ഈ മാസം 9 ന് പുറത്തിറങ്ങി. കേരളീയത്തിന് പണം അനുവദിക്കുന്നത് ഈ ശീര്‍ഷകത്തില്‍ ആയിരിക്കും. കഴിഞ്ഞ വര്‍ഷം കേരളീയത്തിന്റെ സ്പോണ്‍സര്‍ഷിപ്പ് പണം എത്തിയിരുന്നത് പി.ആര്.ഡി ഡയറക്ടറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലായിരുന്നു. 12 കോടി ഈ അക്കൗണ്ടിലെത്തിയെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ നല്കിയ കണക്ക്. ഇനിയും പണം കിട്ടാനുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി സ്പോണ്‍സര്‍മാരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
നികുതി വെട്ടിപ്പുകാരാണ് ഭൂരിഭാഗം സ്പോണ്‍സര്‍മാര്‍ എന്നാണ് സൂചന. മുഖ്യമന്ത്രി സ്പോണ്‍സര്‍മാരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതിന്റെ പശ്ചാത്തലവും മറ്റൊന്നല്ല. ഈ വര്‍ഷം ഡിസംബറിലാണ് കേരളീയം പരിപാടി നടത്തുക. സ്പോണ്‍സര്‍ഷിപ്പ് ചെയര്‍പേഴ്സണ്‍ മേയര്‍ ആര്യ രാജേന്ദ്രന് ആയിരിക്കും. തലസ്ഥാനത്തെ മുതലാളിമാരുടെ കടകളില്‍ നിന്ന് പണം എത്തിക്കുക എന്നതാണ് മേയറുടെ ജോലി. കഴിഞ്ഞ തവണ വ്യാപകമായി പണ പിരിവ് നടത്തി കേരളീയത്തിനായി അഹോരാത്രം പണിയെടുത്ത ജി.എസ്.റ്റി അഡീഷണല്‍ കമ്മീഷണര്‍ എബ്രഹാം റെന്നിനാണ് ഇത്തവണയും ആര്യയെ സഹായിക്കാനുള്ള ചുമതല.
മേയര്‍ കസേരയില്‍ ആര്യയ്ക്ക് ഇനിയൊരു ഊഴം ലഭിക്കില്ല. സീറ്റ് പോലും ആര്യയ്ക്ക് കൊടുക്കരുത് എന്നാണ് സിപിഎം തീരുമാനം. തലസ്ഥാനത്ത് മേയര്‍ വിരുദ്ധ വികാരം അതിശക്തമാണ് എന്ന വിലയിരുത്തലാണ് സിപിഎമ്മില്‍ ഉള്ളത്. 2025 ല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മേയര്‍ കസേരയില്‍ ഇരുന്ന് കൊണ്ട് കേരളിയ ത്തിനായി പണ പിരിവ് നടത്താനുള്ള അവസാന അവസരമാണ് ആര്യയ്ക്ക്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ പിരിവ് നടത്താനും സ്പോണ്‍സര്‍മാരെ കണ്ടെത്താനും ആര്യ ശ്രമിക്കും.
തന്നെ ഒതുക്കാന്‍ ശ്രമിക്കുന്ന ചില സിപിഎം നേതാക്കന്മാര്ക്ക് ഇതിലൂടെ മറുപടി പറയാന്‍ സാധിക്കുമെന്നാണ് മേയറുടെ പ്രതീക്ഷ. ഫണ്ട് കൂടിയാല്‍ മുഖ്യന്റേയും മരുമകന്റേയും മുഖം കൂടുതല്‍ പ്രസാദിക്കും. തലസ്ഥാനത്തെ കോര്പ്പറേഷന് സീറ്റ് ലഭിച്ചില്ലേലും എം.എല്‍. എ സീറ്റ് ഇതിലൂടെ ലഭിക്കാമെന്ന കണക്ക് കൂട്ടലിലാണ് ആര്യ. ആര് ഫണ്ട് പിരിച്ചാലും അത് റിയാസിന്റെ വകുപ്പില്‍ കൊടുക്കാന്‍ ബാലഗോപാല്‍ ഉത്തരവിട്ട സ്ഥിതിക്ക് റിയാസും ഹാപ്പി. കേരളിയത്തിന് വന്ന ലക്ഷങ്ങള്‍ കൊണ്ട് പോയ നടി ശോഭനയെ ഡിസംബറില്‍ നടക്കുന്ന കേരളിയം പരിപാടിക്ക് വിളിക്കരുത് എന്ന നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്.
കേരളിയത്തിന് മുഖ്യമന്ത്രിയോടൊപ്പം സെല്‍ഫിയെടുത്ത് നാലാം മാസം ബി.ജെ.പി രാജീവ് ചന്ദ്രശേഖറിനെ ജയിപ്പിക്കാന്‍ ശോഭന രംഗത്തിറങ്ങിയിരുന്നു. ശോഭന വേണോ വേണ്ടയോ എന്ന് മുഹമ്മദ് റിയാസ് തീരുമാനിക്കും. കേരളിയം ഫണ്ടിന്റെ കസ്റ്റോഡിയന്‍ റിയാസ് ഇത്തവണ ശോഭനക്ക് വിലക്ക് ഏര്‍പ്പെടുത്തും എന്നാണ് സൂചന.