ശമ്പളത്തിനും പെൻഷനും പണമില്ല; 3,700 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാനം

തിരുവനന്തപുരം ∙ സംസ്ഥാനം വീണ്ടും 3,700 കോടി രൂപ കടമെടുക്കുന്നു. ഇതോടെ നടപ്പ് സാമ്പത്തിക വര്‍ഷം മാത്രം കടബാധ്യത 49,547 കോടിയായി ഉയര്‍ന്നു. ലേലം 24 ന് നടക്കും. രണ്ടായിരം കോടി രൂപയാണ് നികുതി വരുമാനത്തിനു പുറമേ പ്രതിമാസം സംസ്ഥാനത്തിന് ആവശ്യമായുള്ളത്. കടമെടുപ്പിലൂടെയാണ് സംസ്ഥാനം ഈ തുക കണ്ടെത്തുന്നത്.
സാമ്പത്തിക വര്‍ഷം അവസാനിക്കാറായിരിക്കെ കരാറുകാര്‍ക്കും മറ്റുള്ള ഇടപാടുകള്‍ക്കും ബില്ലുകള്‍ മാറി നല്‍കുന്നതോടെ സംസ്ഥാന സര്‍ക്കാരിന്റെ ചെലവ് കുത്തനെ കൂടും. ഇതിനു പുറമെ പെന്‍ഷനും ശമ്പളവും നല്‍കേണ്ടതുണ്ട്. ഇക്കാരണത്താലാണ് സംസ്ഥാനം വീണ്ടും കടമെടുക്കുന്നത്. ബജറ്റിനു പുറത്ത് കിഫ്ബിയും പെന്ഷന് കമ്പനിയുമടക്കമുള്ള അധിക വായ്പയെടുത്തുവെന്നത് ചൂണ്ടിക്കാട്ടി കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു.