മോഷ്ടിക്കാൻ കയറിയ വീട്ടിൽ സ്വന്തം മൊബൈൽ ഫോൺ മറന്നുവെച്ച കള്ളൻ പിടിയിൽ

മോഷ്ടിക്കാന്‍ കയറിയ വീടിനകത്ത് മൊബൈല്‍ ഫോണ്‍ മറന്നുവച്ച പ്രതി പിടിയിൽ. മാള താണിശേരി കൊടിയന്‍ വീട്ടില്‍ ജോമോനെയാണ് (37) ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറിയ ജോമോൻ അബദ്ധത്തിൽ ഫോണ്‍ മറന്നുവെക്കുകയായിരുന്നു. ഇയാൾക്കെതിരെ വേറെയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച പുലര്‍ച്ചെ തൃശ്ശൂർ നോര്‍ത്ത് ചാലക്കുടി ചെങ്ങിനിമറ്റം ബാബുവിന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ മോഷ്ടാവ് വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് പെട്ടെന്ന് അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ തിടുക്കത്തിൽ സ്വന്തം മൊബൈൽ ഫോണിന് പകരം വീട്ടുകാരിലൊരാളുടെ ഫോണാണ് എടുത്തുകൊണ്ട് ഓടിയത്.

വീട്ടില്‍നിന്നും ലഭിച്ച മോഷ്ടാവിന്റെ മൊബൈല്‍ ഫോണ്‍ വഴിയാണ് പിന്നീട് പൊലീസ് പ്രതിയെ പിടിച്ചത്. 2010ല്‍ ചാലക്കുടി പൊലീസ് സ്റ്റേഷനില്‍ ഇയാളുടെ പേരില്‍ മോഷണ കേസുണ്ട്. കൂടാതെ മാള, നെടുമ്പാശ്ശേരി , ചെങ്ങമനാട്, കളമശ്ശേരി എന്നീ പൊലീസ് സ്റ്റേഷനുകളിലും രജിസ്റ്റർ ചെയ്തിട്ടുള്ള മോഷണ കേസുകളിൽ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറ‌ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *