പിണറായിയെ പുകഴ്ത്തിയവരാണ് ഇന്ന് വിമർശിക്കുന്നത്’; സിപിഐഎം ആത്മപരിശോധന നടത്തണമെന്ന് വെള്ളാപ്പള്ളി

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ മാത്രം ലക്ഷ്യമിട്ട് നടക്കുന്ന കടന്നാക്രമണങ്ങൾക്കെതിരെ എസ്.എ.ൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം പിണറായി വിജയന്റെ തലയിൽ മാത്രം കെട്ടിവെച്ച് മറ്റുള്ളവർ രക്ഷപ്പെടാൻ നോക്കുന്നത് നീതികേടാണെന്ന് എസ്.എൻ.ഡി.പി മുഖപത്രമായ ‘യോഗനാദ’ത്തിലെ മുഖപ്രസംഗത്തിൽ വെള്ളാപ്പള്ളി വ്യക്തമാക്കി. പരാജയത്തെക്കുറിച്ച് സിപിഐഎം കൃത്യമായ ആത്മപരിശോധനയ്ക്കും സ്വയംവിമർശനത്തിനും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ പത്ത് വർഷക്കാലം പിണറായി വിജയനെ ലീഡറായും, ക്യാപ്റ്റനായും, കാരണഭൂതനായുമെല്ലാം പാർട്ടി വാഴ്ത്തിപ്പാടി നടന്നു. എന്നാൽ ഒരു പരാജയം സംഭവിച്ചപ്പോൾ അതിന്റെ എല്ലാ കുറ്റങ്ങളും അദ്ദേഹത്തിന് മേൽ ചാരി ആക്ഷേപശരങ്ങൾ എറിയുന്നത് ശരിയല്ല. പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും പ്രവൃത്തിദോഷങ്ങളുടെയും കുറ്റങ്ങളുടെയും പഴി കേൾക്കേണ്ടി വന്നത് പിണറായി വിജയനാണെന്നും എഡിറ്റോറിയലിൽ ചൂണ്ടിക്കാണിക്കുന്നു. പാർട്ടിയുടെ ഓഫീസുകൾ ഇപ്പോൾ ദല്ലാളന്മാരും കച്ചവടക്കാരും കൈയടക്കിയിരിക്കുകയാണ്.
അധികാര ലഹരി തലയ്ക്ക് പിടിച്ചതോടെ പാർട്ടി നേതാക്കളും അണികളും സാധാരണ ജനങ്ങളിൽ നിന്നും പൂർണ്ണമായും അകന്നുപോയി. വിദ്യാർത്ഥി നേതാക്കൾ മുതൽ ബ്രാഞ്ച്, ലോക്കൽ, ഏരിയ സെക്രട്ടറിമാർക്ക് വരെ വലിയ രീതിയിലുള്ള അഹങ്കാരമായിരുന്നുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഇതിനുപുറമെ, മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐ സൃഷ്ടിച്ച അനാവശ്യ പ്രശ്നങ്ങളും വിവാദങ്ങളും സർക്കാരിന്റെ ശോഭ കെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും യോഗനാദത്തിലെ എഡിറ്റോറിയലിൽ വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.