ശനിയാഴ്ച രാത്രി പത്തരയോടെയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നിലനിന്ന സംഘർഷത്തിന് താൽക്കാലികമായി വിരാമമായത്. ഇരു രാജ്യങ്ങളിലെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് തലത്തിൽ നടന്ന ചർച്ചയിലാണ് വെടിനിര്‍ത്തല്‍ ധാരണയുണ്ടായതും. ശനിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. തീരുമാനം ആദ്യം പ്രഖ്യാപിച്ചത് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപായിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ യുഎസിന് നേരിട്ട് പങ്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന പാക്കിസ്ഥാനെ സമ്മര്‍ദത്തിലാക്കുന്ന നടപടിയാണ് യുഎസ് കൈക്കൊണ്ടത്. ഐഎംഎഫിന്‍റെ 700 കോടി ഡോളറിന്‍റെ വായ്പയില്‍ ആദ്യഗഡുവായ 100 കോടി ഡോളര്‍ ഉടന്‍ ലഭിക്കണമെങ്കില്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് യുഎസ് നിലപാടെടുത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാന് വായ്പ അനുവദിക്കരുതെന്ന് ഇന്ത്യ ഐഎംഎഫിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ പ്രതിഷേധം മറികടന്നും വായ്പ അനുവദിക്കാന്‍ തീരുമാനിച്ചത് പാക്കിസ്ഥാനെ വരുതിക്ക് കൊണ്ടുവരാനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് വിശദീകരിക്കുന്നത്.
പാക്കിസ്ഥാനുള്ള 700 കോടി ഡോളറിന്റെ ധനസഹായപദ്ധതിക്കാണ് ഐഎംഎഫ് അംഗീകാരം നൽകിയത്. ആദ്യഗഡുവായ 100 കോടി ഡോളർ പണമായി നൽകാനും തീരുമാനമായിരുന്നു. ഈ തുകയിലാണ് യുഎസ് സമ്മര്‍ദ്ദം ചെലുത്തിയത്. പണം കിട്ടാതെ മുന്നോട്ട് പോകാനാവില്ലെന്ന് തിരിച്ചറിഞ്ഞ പാക്കിസ്ഥാന്‍ യുഎസ് സമ്മര്‍ദത്തിന് വഴങ്ങി.
വെടിനിർത്തലിനായി ആദ്യമായി അഭ്യർത്ഥനയുമായി ഇന്ത്യയെ സമീപിച്ചത് പാക്കിസ്ഥാനാണ്. പാക്ക് ഡിജിഎംഒ വൈകുന്നേരം 3.35ന് ഇന്ത്യയെ വിളിച്ച് വെടിനിർത്തലിന് സന്നദ്ധത അറിയിക്കുകയായിരുന്നു. വെടിനിർത്തലിന്റെ ഭാഗമായി ഇരു രാജ്യങ്ങളും കര, നാവിക, വ്യോമ സേനകൾ ഉൾപ്പെടെയുള്ള എല്ലാ സൈനിക നടപടികളും നിർത്തിവച്ചിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങള്‍ നിലവില്‍ ശാന്തമാണ്. ജനങ്ങള്‍ ക്രമേണെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു.