വി.സി നിയമനം വിവാദത്തിൽ; ഗവർണർക്കെതിരെ സമസ്ത മുഖപത്രത്തിന്റെ വിമർശനം

സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ സംഘ്പരിവാര്‍ ബന്ധമുള്ളവരെ വിസി ആക്കുന്നതിനെതിരെ സമസ്ത മുഖപത്രം സുപ്രഭാതം. സര്‍വകലാശാലകളില്‍ സംഘ്പരിവാര്‍ കയ്യേറ്റം നടക്കുന്നുവെന്നും സര്‍ക്കാര്‍ പട്ടിക വെട്ടി നടത്തുന്ന നിയമനങ്ങള്‍ ഫെഡറല്‍ സംവിധാനത്തിന്റെ ആത്മാവിനെ ചോദ്യം ചെയ്യുന്ന നടപടിയാണെന്നും ‘സര്‍വകലാശാലകളെ കരുക്കളാക്കരുത്’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം വിമര്‍ശിക്കുന്നു.

കാര്‍ഷിക സര്‍വകലാശാല വിസിയായി സംഘ്പരിവാര്‍ ബന്ധമുള്ള ടി. സജിതാ റാണിയെ നിയമിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. കുറച്ചു വര്‍ഷങ്ങളായി കേരളത്തിലെ സര്‍വകലാശാലകളില്‍ നിശബ്ദമായും അല്ലാതെയും സംഘ്പരിവാറിന്റെ കൈയേറ്റം നടക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പേരുകളുടെ പട്ടിക പൂര്‍ണമായും അവഗണിച്ച് ഈ നിയമനം നടത്തിയിരിക്കുന്നത് ഭരണഘടനാപരമായ മര്യാദകളെയും ഫെഡറല്‍ സംവിധാനത്തിന്റെ ആത്മാവിനെയും ചോദ്യം ചെയ്യുന്ന നടപടിയാണ്. സര്‍വകലാശാലകള്‍ രാഷ്ട്രീയ അധികാരപ്രകടനത്തിന്റെ വേദികളായി മാറുമ്പോള്‍ അക്കാദമിക സ്വാതന്ത്ര്യവും ഗവേഷണാന്തരീക്ഷവും ദുര്‍ബലമാകുന്നു. കേരളത്തില്‍ വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍, സെനറ്റ് പുനഃസംഘടന, ചാന്‍സലറുടെ ഇടപെടലുകള്‍ എന്നിവയെല്ലാം ചേര്‍ന്ന് ഉന്നതവിദ്യാഭ്യാസ മേഖലയെ അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നു -മുഖപ്രസംഗത്തില്‍ പറയുന്നു.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തിലും വിവിധ സര്‍വകലാശാലകളിലെ നിയമന വിവാദങ്ങളുടെയും പശ്ചാത്തലത്തിലും നോക്കുമ്പോള്‍, കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രത്തിന്റെ ആശയപരമായ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന ആശങ്ക ഉയരുന്നത് സ്വാഭാവികമാണ്. സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് ഏകപക്ഷീയമായ തീരുമാനങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ അത് സര്‍വകലാശാലകളിലെ വിശ്വാസ്യതയെയും ജനാധിപത്യസ്ഥാപനങ്ങളുടെ സന്തുലിതാവസ്ഥയെയും ദുര്‍ബലമാക്കും. സര്‍വകലാശാലകളുടെ വിശ്വാസ്യത തകരുമ്പോള്‍ നഷ്ടമാകുന്നത് ആ സ്ഥാപനത്തിന്റെ പ്രതിച്ഛായ മാത്രമല്ല, ആശ്രിതസമൂഹത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന അറിവിന്റെ അടിത്തറ തന്നെയാണ് -മുഖപ്രസംഗം വിമര്‍ശിക്കുന്നു.