കേരള യൂണിവേഴ്‌സിറ്റിയിൽ ജോൺ ബ്രിട്ടാസിന്റെ പ്രസംഗം തടഞ്ഞ് വിസി, പങ്കെടുക്കുമെന്ന് ബ്രിട്ടാസ്

തിരുവനന്തപുരം: ജോൺ ബ്രിട്ടാസ് എംപി കേരള സർവകലാശാലയിൽ നടത്താനിരുന്ന പ്രഭാഷണം തടഞ്ഞ് വൈസ് ചാൻസലർ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. ‘ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും കടമകളും’ എന്നതായിരുന്നു പ്രഭാഷണത്തിന്റെ വിഷയം.

ഇടത് ജീവനക്കാരുടെ സംഘടനയായ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയനാണ് പ്രതിമാസ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് 1.15ന് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഹാളിലായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്. പരിപാടി നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോ യൂണിവേഴ്‌സിറ്റി രജിസ്‌ട്രാറോ നിർദേശം നൽകിയിട്ടില്ലെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. എല്ലാ മാസവും പ്രഭാഷണ പരമ്പര നടത്താറുണ്ട്. ഇതിന് തിരഞ്ഞെടുപ്പുമായി ബന്ധമില്ല. പരമ്പര പൊതുപരിപാടിയല്ല.

യൂണിയൻ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ജോൺ ബ്രിട്ടാസ് രംഗത്തെത്തി. എന്താണ് ജനാധിപത്യം എന്നതിൽ വ്യക്തമായ ധാരണയില്ലാത്തവരാണ് വിസി ആയി ഇരിക്കുന്നതെന്ന് അദ്ദേഹം പറ‌ഞ്ഞു.’സംവാദം വിസിയാണ് സംഘടിപ്പിക്കേണ്ടത്. ഇങ്ങനെയുള്ള ഉത്തരവ് വിസിക്ക് എടുക്കാൻ പറ്റുമോ? പരിപാടിയിൽ പോയി പങ്കെടുക്കും. അത് പെരുമാറ്റച്ചട്ട ലംഘനമല്ല. ജനാധിപത്യമെന്തെന്ന് ജനങ്ങൾ അറിയേണ്ട. ധാർഷ്‌ട്യവും ദാസ്യവേലയും ഒരുമിച്ചാൽ ഇങ്ങനെയുള്ള ഉത്തരവ് ഉണ്ടാകും. ‘ – ജോൺ ബ്രിട്ടാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *