കേന്ദ്ര സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം അംഗികരിക്കാനാകില്ലെന്ന് വിജയ്

ചെന്നൈ: കേന്ദ്ര സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം അംഗികരിക്കാനാകില്ലെന്ന് നടനും തമിഴകം വെട്രികഴകം (ടിവികെ) പാർട്ടി അദ്ധ്യക്ഷനുമായ വിജയ്. മതമൈത്രി നിലനിൽക്കുന്നിടത്ത് ഭിന്നിപ്പിനുള്ള ശ്രമമാണ് പൗരത്വ ഭേദഗതി നടപ്പാക്കുന്നതിലൂടെയുണ്ടാകുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. ടിവികെ രൂപീകരിച്ചതിന് ശേഷം വിജയ് നടത്തുന്ന ആദ്യം രാഷ്ട്രീയ പ്രതികരണമാണിത്.

അതേസമയം, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വലിയ തരത്തിലുളള പ്രതിഷേധങ്ങളാണ് കഴിഞ്ഞ ദിവസം രാത്രി മുതൽ നടന്നുവരുന്നത്. ഡൽഹി ഉൾപ്പടെ പലയിടങ്ങളിലും പൊലീസ് ജാഗ്രതാ നിർദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. പ്രതിഷേധങ്ങൾക്ക് സാദ്ധ്യതയുള്ള ഷഹീൻബാ​ഗ് ഉൾപ്പടെയുള്ള മേഖലകളിൽ കേന്ദ്ര സേനയും പൊലീസും ഇന്ന് ഫ്ലാ​ഗ് മാർച്ച് നടത്തും.

പ്രതിഷേധം രൂക്ഷമാകാൻ സാദ്ധ്യതയുളളതിനാൽ ഉത്തർപ്രദേശിൽ ഉദ്യോ​ഗസ്ഥരോട് ജാ​ഗ്രത പാലിക്കാൻ ഡിജിപി പ്രശാന്ത് കുമാർ നിർദ്ദേശം നൽകുകയും കേന്ദ്രസേനയെ പലിയിടങ്ങളിൽ വിന്യസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതോടെ അസമിലും സംഘർഷമുണ്ടാകുകയാണ്. സംസ്ഥാനത്തെ യുണൈറ്റഡ് അസം ഫോറം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങിയിട്ടുണ്ട്. പലയിടത്തും പൗരത്വ ഭേദഗതി നിയമത്തിന്റെ പകർപ്പ് പ്രവർത്തകർ കത്തിച്ചു. അതേസമയം, ഉത്തർപ്രദേശിൽ പ്രതിഷേധം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *