ഹൃദയത്തിൽ കത്രികക്കുത്തേറ്റ യുവാവിന് മെഡിക്കൽ കോളേജിൽ  അടിയന്തര ശസ്ത്രക്രിയ

തിരുവനന്തപുരം: ഹൃദയത്തിൽ കത്രിക കൊണ്ടുള്ള മുറിവുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച രോഗിയ്ക്ക് നടത്തിയഅടിയന്തര സങ്കീർണ ശസ്ത്രക്രിയ വിജയം. കൊല്ലം പെരുമ്പുഴ ഷീജാ ഭവനിൽ ഷിബുവി (44) നെയാണ് സുഹൃത്ത് നെഞ്ചിൽ കത്രിക കൊണ്ട് കുത്തിയത്.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷിബുവിന് നടത്തിയ സിടി സ്കാൻ പരിശോധനയിൽ ഹൃദയത്തിന് പരിക്കേറ്റതായി കണ്ടെത്തി. മാത്രമല്ല, ഹൃദയത്തിനു ചുറ്റും രക്തം കെട്ടിക്കിടക്കുന്നതായി വ്യക്തമായതിനെ തുടർന്ന് രോഗിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. 

ബുധൻ വെളുപ്പിന്  രണ്ടരയോടെ സർജറി വിഭാഗത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ എ നിസാറുദീന്റെ യൂണിറ്റിലെത്തിച്ച  രോഗിയെ പ്രാഥമിക ചികിത്സകൾക്കു ശേഷം  ഓപ്പൺ ഹാർട്ട് തിയേറ്ററിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു.ഹൃദയ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ ടി ഡി രവികുമാറിൻ്റെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിൽ ഡോ അരവിന്ദ് രാമൻ, ഡോ വിനീതനായർ, ഡോ കിഷോർ ലാൽ, ഡോ മഹേഷ്, ഡോ രാംകുമാർ എന്നിവർ പങ്കെടുത്തു.അനസ്തേഷ്യാ വിഭാഗം ഡോക്ടർമാരായ ഡോ രാജു രാജൻ, ഡോ നിത ജോസ്, ഡോ സുഹ എന്നിവരും നഴ്സിങ്ങ് ഓഫീസർമാരായ അജിത, റിൻസി, രൂപ എന്നിവർ പങ്കാളികളായി.കാർഡിയാക് സർജറി ഐസിയുവിലേക്ക് മാറ്റി രോഗി  വെന്റിലേറ്ററിലാണ്. രോഗിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *