സില്‍വര്‍ലൈനില്‍ കൊണ്ടും കൊടുത്തും സഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍
ഒടുവില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭ ചര്‍ച്ച ചെയ്ത ആദ്യത്തെ അടിയന്തിരപ്രമേയമായ സില്‍വര്‍ലൈനില്‍ വിറോടെ പ്രതിപക്ഷം വിട്ടുകൊടുക്കാതെ ഭരണപക്ഷം. ഇരു വിഭാഗങ്ങളും പരസ്പരം ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ സില്‍വര്‍ലൈനിനെക്കുറിച്ച് കാര്യമായി പരാമര്‍ശിക്കാതെ സി.പി.ഐ അംഗമായ പി.എസ്. സുപാല്‍ നടത്തിയ പ്രസംഗം ശ്രദ്ധേയവുമായി. മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയ്ക്കൊടുവില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്ന് ആരോപിച്ചുകൊണ്ട് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
അത്യന്തം നാടകീയമായാണ് അടിയന്തിരപ്രമേയ ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി സന്നദ്ധത പ്രകടിപ്പിച്ചത്. പി.സി. വിഷ്ണുനാഥാണ് അടിയന്തിരപ്രമേയത്തിന് അനുമതി തേടികൊണ്ടുള്ള നോട്ടീസ് നല്‍കിയത്. കേരളത്തിന് വളരെ അനിവാര്യമായ പദ്ധതിയായതുകൊണ്ട് ചര്‍ച്ചയാകാമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് സഭ നിര്‍ത്തിവയ്ക്കാനുള്ള പ്രമേയം അവതരിപ്പിച്ചുകൊണ്ട് വിഷ്ണുനാഥ് തന്നെ ചര്‍ച്ച തുടങ്ങിവച്ചു. ചര്‍ച്ചയ്ക്ക് ഒടുവില്‍ സംസാരിച്ച പ്രതിപക്ഷനേതാവും മറുപടി നല്‍കിയ മുഖ്യമന്ത്രിയൂം തമ്മില്‍ ഒടുവില്‍ വലിയ വാദപ്രതിവാദവും നടന്നു. ഒടുവില്‍ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപ ടി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.
പി.സി. വിഷ്ണുനാഥ്
കഴിഞ്ഞ ഒക്ടോബറില്‍ ഡോ: എം.കെ. മുനീര്‍ ഇത്തരം ഒരു പ്രമേയത്തിന് അനുമതിതേടിയപ്പോള്‍ അതിന് വഴങ്ങാതിരുന്ന സര്‍ക്കാര്‍ മാര്‍ച്ചില്‍ അതിന് വഴങ്ങിയത് കേരളത്തിലെ ജനതയുടെയും അവരോടൊപ്പം നില്‍ക്കുന്ന തങ്ങളുടെയും വിജയമാണ്. കെ-റെയിലിന് വേണ്ടി കല്ലിടുന്നതിന് എതിരെ നടക്കുന്ന സമരങ്ങളെ മനുഷ്യത്വരഹിതമായാണ് പോലീസിനെ കൊണ്ട് നേരിടുന്നത്. കെ-റെയിലല്ല, കെ-ഗുണ്ടായിസമാണ് നടത്തികൊണ്ടിരിക്കുന്നത്. ഇപ്പോള്‍ പലേടത്തുംകാണുന്ന കണ്ണീരിനപ്പുറം എന്ത് സാമൂഹികാഘാത പഠനമാണ് നടത്താനുള്ളത്? സാമൂഹികവിരുദ്ധത നടത്തിയാണ് സാമൂഹികാഘാത പഠനം നടത്തുന്നത്. ഈ പദ്ധതി അടിമുടി ദൂരൂഹമാണ്. കമ്മിഷനാണ് ലക്ഷ്യം. ലോകസമാധാനത്തിന് 2 കോടിയും കേരളത്തിന്റെ സമാധാനം തകര്‍ക്കുന്നതിന് 2000 കോടി രൂപയുമാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്.
എ.എന്‍. ഷംസീര്‍
കെ-റെയില്‍ എന്തിനാണെന്നതിന്റെ മറുപടി ശശി തരൂര്‍ നല്‍കിയിട്ടുണ്ട്. ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നതും ജനം അംഗീകാരം നല്‍കിയതുമായ പദ്ധതിയാണിത്. കമ്മിഷന്‍ അടിക്കുന്ന ശീലം തങ്ങള്‍ക്കില്ല, അതുള്ളതുകൊണ്ടാണ് നിങ്ങള്‍ അതേക്കുറിച്ച് പറയുന്നത്. ഒരു ഇവന്റ് മാനേജ്മെന്റ് സമരമാണ് നടക്കുന്നത്. ഇത്തരം സമരങ്ങള്‍ നടന്നാല്‍ ഇനിയും തല്ലുകിട്ടും.
രമേശ് ചെന്നിത്തല
ജനങ്ങള്‍ നടത്തുന്ന ശക്തമായ സമരം കണ്ടില്ലെന്ന് സര്‍ക്കാര്‍ നടിക്കരുത്. ഇപ്പോഴുള്ള വളവുകള്‍ മാറ്റുകയും ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം കൊണ്ടുവരികയും ചെയ്താല്‍ 5 മണിക്കൂര്‍ കൊണ്ട് കാസര്‍കോഡ് എത്താനാകുമെങ്കില്‍ എന്തിന് ജനങ്ങളെ വഴിയാധാരമാക്കണം? ഇതിന് പിന്നില്‍ ചരടുകളുള്ള വിദേശവായ്പയാണ്. ബ്രോഡ്ഗേജില്‍ നിന്നും സ്റ്റാന്‍ഡാര്‍ഡ് ഗേജിലേക്ക് മാറിയത് കമ്മിഷനാണ്. കെ-റെയില്‍ മറ്റൊരു നന്ദിഗ്രാമാകും.
പി.എസ്. സുപാല്‍
തുടര്‍ന്ന് സംസാരിച്ച സി.പി.ഐയുടെ നേതാവായ പി.എസ്. സുപാല്‍ ഇടതുമുന്നണി നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാനും പ്രതിപക്ഷത്തെ വിമര്‍ശിക്കാനുമാണ് പ്രധാനമായും ശ്രമിച്ചത്. സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് അദ്ദേഹം കാര്യമായി ഒന്നും പറഞ്ഞുമില്ല.
ഡോ:എം.കെ. മുനീര്‍
തുടര്‍ന്ന് സംസാരിച്ച ഡോ: എം.കെ. മുനീര്‍ ഇത് ചൂണ്ടിക്കാട്ടുകയും ചെയ്തു. പ്രമുഖ സി.പി.ഐ നേതാക്കളുടെയും മുന്‍ മുഖ്യമന്ത്രിമാരുടെയും മക്കള്‍ ഈ പദ്ധതിയെ എതിര്‍ത്തുകൊണ്ടുള്ള വികാരം കാനത്തെ അറിയിച്ച സാഹചര്യത്തില്‍ സുപാലിന് ഇങ്ങനെ സംസാരിക്കാനാകുകയുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ പ്രമേയം നിരസിച്ച മുഖ്യമന്ത്രി തന്നെ അനുമതി നല്‍കിയ അതേ പ്രമേയത്തില്‍ സംസാരിക്കാന്‍ കഴിയുന്നത് കാവ്യനീതിയാണ്. വോട്ടുചെയ്തുവെന്നുപറഞ്ഞ് ജനങ്ങളുടെ നെഞ്ചിലൂടെ ചവുട്ടി എന്തും ചെയ്യാമെന്നാണെങ്കില്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു
ജോബ് മൈക്കിള്‍
ജനങ്ങളുടെ സ്വപ്ന പദ്ധതിയാണിത്. മുമ്പ് അതിവേഗ റെയില്‍ പദ്ധതി അവതരിപ്പിച്ചത് ഉമ്മന്‍ചാണ്ടിയാണ്. പ്രതിപക്ഷത്തുവരുമ്പോള്‍ അത് മറക്കരുത്.
പി.ജെ. ജോസഫ്
ഭൂനിരപ്പിലൂടെ അതിവേഗ റെയില്‍ അപ്രായോഗികമാണ്. വേണ്ട സര്‍വേകളും നടത്തിയിട്ടില്ല. വന്ദേമാതരം ട്രെയിനിന്റെ സാദ്ധ്യത പരിശോധിക്കണം. ഒരു തെക്കുവടക്ക് എക്പ്രസ് ഹൈവേയുടെ സാദ്ധ്യത പരിശോധിക്കണം.
കെ.പി. മോഹനനന്‍
പ്രതിപക്ഷം കബളിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതിനനുസരിച്ച് തുള്ളുന്നവരല്ല ഇവിടുത്തെ ജനങ്ങള്‍. പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് സമീപത്ത് തന്നെ താമസിക്കാനുള്ള സൗകര്യം ഒരുക്കികൊടുക്കാന്‍ ശ്രമിക്കണം.
അനൂപ് ജേക്കബ്
സുസ്ഥിര വികസനത്തിന് അനുയോജ്യമല്ല ഈ പദ്ധതി. ബദല്‍ സാദ്ധ്യതകളെക്കുറിച്ച് പരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഇതൊരു ജിയോഗ്രാഫിക്കല്‍ ബോംബാകും
വി. ജോയി
കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലും ഇന്നലെ വരെ ഭരിച്ചിരുന്നിടത്തും ഇത്തരം പദ്ധതികള്‍ വരുന്നു. അവിടെയൊന്നും ഒരു എതിര്‍പ്പുമില്ല. ഇവിടെ മാത്രമുള്ള ഈ എതിര്‍പ്പ് ഒരു രാഷ്ട്രീയ പ്രശ്നമാണ്.
രാമചന്ദ്രന്‍ കടന്നപ്പള്ളി
കേരളത്തിന്റെ വികസനചക്രവാളത്തിലെ ഒരു രജതരേഖയായിരിക്കും ഈ പദ്ധതി.
തോമസ് കെ. തോമസ്
ഇവരാരും വികസന വിരോധികളല്ല, പിണറായി വിജയന്‍ എങ്ങനെ ഈ പദ്ധതി കൊണ്ടുവന്നുവെന്നതു മാത്രമാണ് ഇവരുടെ പ്രശ്നം. ഇത് നല്ലരീതിയിലാകുമ്പോള്‍ ഇവരുടെ പ്രശ്നം തീരും. അതുകൊണ്ട് വേഗം പദ്ധതി ആരംഭിക്കുകയാണ് വേണ്ടത്.
ഡോ: കെ.ടി. ജലീല്‍
കെ-റെയില്‍ യു.ഡി.എഫിന്റെയോ ഇടതുമുന്നണിയുടേയോ അല്ല, കേരളത്തിന്റെ പദ്ധതിയാണ്. പശ്ചാത്തല സൗകര്യ വികസനം കേരളത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുകയും സാമ്പത്തിക മുന്നേറ്റത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും.