യാത്രക്ലേശം ഇരട്ടിയായി ! വേണാടും പരശുറാമും അടക്കം 21 ട്രെയിനുകള്‍ മേയ് 28 വരെ റദ്ദാക്കി

ചിങ്ങവനം-ഏറ്റുമാനൂര്‍ റൂട്ടില്‍ ഇരട്ടപ്പാത നിര്‍മാണത്തിന്റെ ഭാഗമായി ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വേണാടും പരശുറാമും ഉള്‍പ്പെടെ 21 ട്രെയിനുകളാണ് ഇന്നു മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ റദ്ദാക്കുന്നത്. 24 മുതല്‍ 28 വരെ പകല്‍ 10 മണിക്കൂര്‍ കോട്ടയം വഴി ഗതാഗത നിയന്ത്രണമുണ്ട്. രാവിലെ 7.45 മുതല്‍ വൈകിട്ട് 5.45 വരെയാണ് നിയന്ത്രണം.
എറണാകുളത്ത് കൂടുതല്‍ ട്രെയിനുകള്‍ നിര്‍ത്തിയിടാന്‍ സൗകര്യമില്ലാത്തതും ആലപ്പുഴ വഴി ഒരുലൈന്‍ ട്രാക്ക് മാത്രമുള്ളതുകൊണ്ട് കോട്ടയത്ത് ഗതാഗത നിയന്ത്രണം വന്നതിനാലുമാണ് ട്രെയിനുകള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് റെയില്‍വെയുടെ വിശദീകരണം.
കൂടുതല്‍ ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിട്ടാല്‍ ഒരു ലൈന്‍ ട്രാക്ക് ആയതിനാല്‍ വലിയ ബ്ലോക്ക് ഉണ്ടാക്കിയേക്കുമെന്നും റെയില്‍വേ പറയുന്നു.
വേണാട് എക്‌സ്പ്രസ്, പരശുറാം എക്‌സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം മെയില്‍, കന്യാകുമാരി- ബെംഗളൂരു ഐലന്‍ഡ്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി തുടങ്ങിയ ട്രെയിനുകളാണു റദ്ദാക്കുന്നതില്‍ സ്ഥിരം യാത്രക്കാരെ നന്നായി ബുദ്ധിമുട്ടിക്കും.