കെ.എസ്.ആര്.ടി.സി ശമ്പള വിതരണത്തില്‍ അവ്യക്തത തുടരുന്നു. ശമ്പളം വൈകുന്നതിനെതിരെ റിലേ നിരാഹരം

തിരുവനന്തപുരം: ശമ്പളം അനിശ്ചിതമായി വൈകുന്നതില്‍ പ്രതിഷേധിച്ചു കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കിലേക്ക്. ഇന്ന് മുതല്‍ ഭരണകക്ഷി യൂണിയനായ് സിഐടിയുവിന്റെ നേതൃത്വത്തില്‍ ചീഫ് ഓഫീസിന് മുന്നില്‍ റിലെ നിരാഹാര സത്യാഗ്രഹം ആരംഭിക്കും. പിന്തുണയുമായി എഐടിയുസി ഇന്ന് കരിദിനമായി ആചരിക്കും.
എല്ലാ എഐടിയുസി മെമ്പര്‍മാരും കറുത്ത ബാഡ്ജ് ധരിച്ചു ജോലിക്കെത്തണമെന്നാണ് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. ഏപ്രില്‍ 28 ന് സിഐടിയു സൂചനാ പണിമുടക്ക് നടത്തും. ബിഎംഎസും അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് അറിയിച്ചു.
തൊഴിലാളി സംഘടനകള്‍ സമരം പ്രഖ്യാപിച്ചതോടെ ശമ്പള വിതരണത്തിനായി 30 കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ തുക പര്യാപ്തമല്ല.ശമ്പള വിതരണത്തിനായി 77 കോടി രൂപയാണ് വേണ്ടത്. ബാക്കി തുക തനത് ഫണ്ടില്‍ നിന്ന് കണ്ടെത്തണം . സമരം ചെയ്താല്‍ പൈസ വരില്ലായെന്നായിരുന്നു പണിമുടക്കിനെക്കുറിച്ചുള്ള ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം.