സി.പി.എമ്മിന്റെ
രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി എ.എ. റഹീം

തിരുവനന്തപുരം: ഇടതുമുന്നണിയില്‍ സി.പി.എം മത്സരിക്കുന്ന രാജ്യസഭാ സീറ്റില്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായ എ.എ. റഹീമിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ മുഹമ്മദ് റിയാസ് വിജയിച്ച് മന്ത്രിയായതോടെയാണ് റഹീം ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായത്. രാജ്യസഭയിലേക്ക് യുവാക്കളെ അയക്കുകയെന്ന നയത്തിന്റെ തുടര്‍ച്ചയായാണ് ഈ തീരുമാനവും. കഴിഞ്ഞദിവസം ചേര്‍ന്ന ഇടതുമുന്നണി യോഗം രണ്ടു സീറ്റുകളില്‍ ഒന്നില്‍ സി.പി.എമ്മും മറ്റേതില്‍ സി.പി.ഐയും മത്സരിക്കണമെന്ന് തീരുമാനിച്ചിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി. സന്തോഷ്‌കുമാറിനെ ഇതിന് പിന്നാലെ സ്ഥാനാര്‍ത്ഥിയായി സി.പി.ഐ നിശ്ചയിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിന് അടുത്തുള്ള മാണിക്കല്‍ പഞ്ചായത്തിലെ തൈക്കാട് വിമുക്ത ഭടനായ എം.അബ്ദുള്‍ സമദിന്റെയും എ.നബീസാ ബീവിയുടെയും മകനായാണ് റഹീം ജനിച്ചത്. പിരപ്പന്‍കോട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍, പിരപ്പന്‍കോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കൊല്ലം ജില്ലയിലെ നിലമേല്‍ എന്‍.എസ്.എസ് കോളേജില്‍ നിന്ന് പ്രീഡിഗ്രിയും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇസ്ലാമിക് ഹിസ്റ്ററിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും. തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി അഭിഭാഷകനായി എന്റോള്‍ ചെയ്തു. കേരള സര്‍വ്വകലാശാലയില്‍ ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഗവേഷണം തുടരുന്നു.
കേരള സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാന്‍, കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ക്കല നിയമസഭാ നിയോജക മണ്ഡലത്തില്‍നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. യുവധാര മാസികയുടെ എഡിറ്ററായിരുന്നു. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി, എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമാണ്. അമൃത സതീശനാണ് ഭാര്യ, ഗുല്‍മോഹര്‍, ഗുല്‍നാര്‍ എന്നിവര്‍ മക്കളുമാണ്