നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് കരുതില്ലെന്ന് നടന്‍ മധു

നടിയെ ആക്രമിച്ച കേസിന് പിന്നില്‍ മറ്റു പലതുമുണ്ടെന്നാണ് തന്‍റെ തോന്നെലെന്ന് മുതിര്‍ന്ന താരം മധു. ദിലീപ് അത് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. ഇനി അങ്ങനെ ചെയ്തിട്ടുണ്ടെങ്കിലും അങ്ങനെ ആകരുതേ ആഗ്രഹിക്കുന്നു. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ്  ദിലീപിനെ പിന്തുണച്ച് മധു എത്തിയത്.

കേസിനെ കുറിച്ച് കേള്‍ക്കുമ്പോഴെല്ലാം താന്‍ ആലോചിക്കുന്നത് രാത്രി ആരെങ്കിലും പരിചയമില്ലാത്ത ഒരാളുടെ കാറില്‍ ഒരു പെണ്ണിനെ പറഞ്ഞ് അയക്കുമോ എന്നതാണ്. വീട്ടിലെ കൊച്ചു കുട്ടികളെയോ, യുവതികളെയോ പ്രായമായവരെയോ അങ്ങനെ പറഞ്ഞയക്കുന്നത് കണ്ടിട്ടില്ല. അതിപ്പോള്‍ നടിയോ, ഐപിഎസോ, പൊലീസോ ആരുമായിക്കോട്ടെ. ആണുങ്ങള്‍ പോലും അങ്ങനെ പോകാറില്ല. 

‘നടിമാരായ അടൂര്‍ ഭവാനിയോ, അടൂര്‍ പങ്കജമോ, നമ്മുടെ പൊന്നമ്മയോ, പൊന്നമ്മ ചേച്ചിയോ ഒന്നും തന്നെ ഇങ്ങനെ ഒറ്റക്ക് കാറില്‍ സഞ്ചരിച്ച് ഞാന്‍ കണ്ടിട്ടില്ല. ഒന്നുകില്‍ കൂടെ മേക്ക് അപ്പ് ചെയ്യുന്നവരെ ഹെയര്‍ സ്‌റ്റൈലിസ്റ്റോ അല്ലെങ്കില്‍ വീട്ടിലെ സ്വന്തത്തിലുള്ള ആരെങ്കിലുമോ ഉണ്ടാവും. അല്ലാതെ അവര്‍ രാത്രി ഒറ്റയ്ക്ക് ഇതുവരെ സഞ്ചരിച്ചതായി , പകല്‍ പോലും എനിക്ക് അറിയില്ലെ’ന്നും മധു പറഞ്ഞു.ഇതു താന്‍ ആരെയും കുറ്റപ്പെടുത്താന്‍ പറയുന്നതല്ലെന്നും മധു കൂട്ടിച്ചേര്‍ത്തു.

ദിലീപ് ഇനി ചെയ്തിട്ടുണ്ടെങ്കിലും അങ്ങനെ ആകരുതെ എന്ന് താന്‍ ആഗ്രഹിക്കുന്നു. ഇതിന് പിന്നില്‍ എന്തൊക്കെയോ ഉണ്ട്. ടിവി ഓണ്‍ ചെയ്ത് കഴിഞ്ഞാല്‍ ഭൂരിഭാഗം വാര്‍ത്തയും ദിലീപിന്റെ കേസിനെ കുറിച്ചാണ്. അത് കേട്ട് കേട്ട് മടുത്തു. ഇതിനൊരു അന്ത്യമില്ല. ഒരുപക്ഷെ ആ കുട്ടിയെ അവരുടെ വീട്ടുകാര്‍ അന്ന് രാത്രി ഒറ്റയ്ക്ക് വിട്ടില്ലായിരുന്നെങ്കില്‍ ഇന്ന് തനിക്ക് ടിവിയില്‍ ഇതെല്ലാം കണ്ടുകൊണ്ടിരിക്കേണ്ട ഗതികേട് വരില്ലായിരുന്നുവെന്ന് ആലോചിക്കാറുണ്ടെന്നും മധു കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *