ആടിനെ പട്ടിയാക്കുക. പട്ടിയെ പേപ്പട്ടിയാക്കുക എന്നിട്ട് അതിനെ തല്ലിക്കൊല്ലാന്‍ ആഹ്വാനം ചെയ്യുക എന്നതാണ് യുഡിഎഫ് നയം: പരിഹസിച്ച്  എ .കെ. ബാലന്‍ 

തിരുവനന്തപുരം:   സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തെ വിമര്‍ശിച്ച്‌ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ കെ ബാലന്‍. ആടിനെ പട്ടിയാക്കുക. പട്ടിയെ പേപ്പട്ടിയാക്കുക എന്നിട്ട് അതിനെ തല്ലിക്കൊല്ലാന്‍ ആഹ്വാനം ചെയ്യുക എന്നതാണ് യുഡിഎഫിന്‍റെ സമീപനമെന്ന് എ കെ ബാലന്‍ പറഞ്ഞു. വിമോചന സമരത്തിന്റെ പഴയ സന്തതികള്‍ക്ക് പുതിയ ജീവന്‍ വച്ചു എന്നാണ് യുഡിഎഫ് കരുതുന്നത്. പഴയ ചങ്ങനാശേരി അനുഭവം വച്ച്‌ ചങ്ങനാശേരിയില്‍ വിമോചന സമരം നടത്താനാകില്ല. വയല്‍ കിളികള്‍ എവിടെ പോയി. അവരുടെ നേതാക്കള്‍ ഇന്ന് സി പി എമ്മിലാണെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

കെ റെയില്‍ പദ്ധതിയില്‍ വിദഗ്ധ സമിതി നിര്‍ദേശം പരിഗണിക്കും എന്നിട്ടും ആശങ്ക ഉണ്ടെങ്കില്‍ അത് ദുരീകരിക്കും. വിദഗ്ധ സമിതി ശുപാര്‍ശ നടപ്പിലാക്കുമെന്ന് എ കെ ബാലന്‍ പറഞ്ഞു. അലൈന്‍മെന്റ് മാറ്റം നിര്‍ദേശിച്ചാല്‍ അതും നടപ്പിലാക്കും. കെ റെയില്‍ നടപ്പിലാക്കിയാല്‍ ജന്മത്ത് യുഡിഎഫ് അധികാരത്തില്‍ വരില്ല എന്ന തിരിച്ചറിവില്‍ നിന്നുള്ള തുള്ളലാണ് ഇത്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് പെണ്‍കുട്ടികളെ വിവാഹം ചെയ്ത് കൊടുക്കരുതെന്ന് പ്രചരിപ്പിച്ച ആളാണ് കെ സുധാകരന്‍. കോണ്‍ഗ്രസ് നേതാക്കള്‍ സെമിനാറില്‍ പങ്കെടുത്താല്‍ കോണ്‍ഗ്രസ് ഒലിച്ചു പോകുമോ എന്ന് ചോദിച്ച എ കെ ബാലന്‍, സുധാകരന്‍ ഉള്ളടത്തോളം ഇത് തുടരുമെന്നുമെന്നും കുറ്റപ്പെടുത്തി.

സംസ്ഥാന സര്‍ക്കാരിന്‍റെ കെ റെയില്‍ പദ്ധതിക്കെതിരായി ഉയരുന്ന പ്രതിഷേധങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ എല്‍ ഡി എഫ് തീരുമാനം. ഇതിന്‍റെ ഭാഗമായി മാടപ്പള്ളിയിലുയര്‍ന്ന കെ റെയില്‍ പ്രക്ഷോഭം തണുപ്പിക്കാന്‍ രാഷ്ട്രീയ വിശദീകരണ യോഗം ചേരാന്‍ എല്‍ ഡി എഫ് തീരുമാനിച്ചു. ഇന്ന് വൈകിട്ട് ചങ്ങനാശേരിയിലാകും രാഷ്ട്രീയ വിശദീകരണ യോഗത്തിന് തുടക്കമാകുക. മാടപ്പള്ളി പഞ്ചായത്തില്‍ ഉള്‍പ്പെട്ട തെങ്ങണയടക്കമുള്ള മേഖലയിലാണ് എല്‍ ഡി എഫ് രാഷ്ട്രീയ വിശദീകരണ യോഗം ചേരുക. ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍, മന്ത്രി വി എന്‍ വാസവന്‍, ജോസ് കെ മാണി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. പരിപാടി ശക്തിപ്രകടനമാക്കി മാറ്റാന്‍ എല്‍ഡിഎഫ് തീരുമാനമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *